ധനസഹായത്തിന് അര്‍ഹരായവരെ ഒഴിവാക്കാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം‍

Posted on Wednesday, October 4, 2017

ലൈഫ് മിഷന്‍ ധനസഹായത്തിന് അര്‍ഹനായ ഒരു ഗുണഭോക്താവ് പോലും ഒഴിവായി പോയിട്ടില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ അറിയിച്ചു. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ലൈഫ് മിഷന്‍ തയ്യാറാക്കിയ www.lifephase1.org എന്ന വെബ്‌പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്കും എല്ലാ തദ്ദേശസ്ഥാപങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും പ്രത്യേകം യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കി ഡാറ്റാ എന്‍ട്രി തുടര്‍ന്ന്‌വരികയാണ്. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 55435 ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വെബ്‌പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ഡാറ്റാ എന്‍ട്രി ചെയ്യുന്ന ഗുണഭോക്താക്കള്‍ക്കേ ധനസഹായത്തിന് അര്‍ഹതയുണ്ടാകൂ. അതിനാല്‍ അര്‍ഹര്‍ ഒഴിവായിപോയിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ഭൂരഹിത -ഭവനരഹിത കുടുംബങ്ങളെ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കുന്നതിനും ഭൂമിയുളളവര്‍ക്ക് വ്യക്തിഗത ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനും 2016 മാര്‍ച്ച് 31നകം വിവിധ സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ആനുകൂല്യം കൈപ്പറ്റുകയും പല കാരണങ്ങളാല്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായവര്‍ക്ക് ധനസഹായം അനുവദിക്കുക, വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ വാസയോഗ്യമാക്കാന്‍ ധനസഹായം നല്‍കുക എന്നിവയാണ് ലൈഫ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇവയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിന് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കും.