ലൈഫ് മിഷൻ പദ്ധതിയുടെ ലിസ്റ്റിൽൽ നിന്നും വിട്ടുപോയ അർഹരായവരുടെ ഗുണഭോക്താക്കള്‍ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Posted on Friday, July 31, 2020

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ ഒരു മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ 14 വരെയാണ് അപേക്ഷകള്‍ സമർപ്പിക്കുവാനുള്ള സമയം. പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, മറ്റ് ഇന്റെർനെറ്റ് സേവനദാതാക്കള്‍ എന്നിവരിലുടെയോ, ഇന്റെർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് 1 മുതൽ ലഭ്യമാക്കുന്ന ലിങ്ക് വഴി ഗുണഭോക്താക്കള്‍ക്ക് അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കാണ് അപേക്ഷകള്‍ ഓൺലൈനായി എത്തുന്നത്. അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. നിലവിൽ ഭവനം ഇല്ലാത്തവരും സ്വന്തമായി വീട് നിർമ്മിക്കുവാൻ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാർഗ്ഗരേഖയിൽ പരാമർശിക്കുന്ന 7 അർഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച്  നിങ്ങളുടെ കുടുംബത്തിന് അപേക്ഷിക്കുവാൻ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കിയിട്ട് മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഒരു റേഷൻ കാർഡിലെങ്കിലും പ്രത്യേകം കുടുംബമായി കഴിയുന്ന  പട്ടികജാതി / പട്ടികവർഗ്ഗ / ഫിഷറീസ് കുടുംബങ്ങള്‍ക്കും വിഭാഗങ്ങളിൽ 25 സെന്റിൽ കൂടുതൽ ഭൂമിയുള്ളവർക്കും മറ്റ് അർഹതകള്‍ ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതുപോലെതന്നെ ജീർണ്ണിച്ച ഭവനങ്ങള്‍ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കിൽ മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളു.

 

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകള്‍ ഇനി പറയുന്നവയാണ്

 

1. റേഷൻ കാർഡ്

2. ആധാർ കാർഡ്

3. വില്ലേജ് ഓഫിസറിൽ നിന്നുമുള്ള വരുമാന സർട്ടിഫിക്കറ്റ്

4. ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയില്ല എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ്.

5. മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍.

 

         ഇതിന് പുറമേ നിലവിൽ 2017ലെ ലിസ്റ്റിൽ ഉണ്ടായിരിക്കുകയും റേഷൻ കാർഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവർ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അർഹതയുണ്ടെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. പി.എം..വൈ / ആശ്രയ / ലൈഫ് സപ്ലിമെന്റെറി ലിസ്റ്റ് എന്നിവയിൽ ഉള്‍പ്പെട്ടിട്ടും ഇതുവരെ വീടുകള്‍ ലഭിക്കാത്തവരും ഇപ്പോള്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്. എന്നാൽ ലൈഫ് മിഷൻ നിലവിൽ തയ്യാറാക്കി വച്ചിരിക്കുന്ന SC / ST / Fisheries ലിസ്റ്റിൽ അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.   ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ അർഹരായിട്ടും ഇതുവരെ സഹായം ലഭിക്കാത്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭ്യമാക്കുന്നതാണ്. കോവി‍‍‍‍‍‍‍ഡ് മഹാമാരിയുടെ പശ്ചാതലത്തിൽ സാമൂഹിക അകലം പാലിച്ച് തിരക്ക് പരമാവധി ഒഴിവാക്കി മാത്രമേ പൊതു സ്ഥലങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനായി എത്തുവാൻ പാടുള്ളു. അതുകൊണ്ടുതന്നെ രേഖകള്‍ എല്ലാം തന്നെ മുൻകൂട്ടി സംഘടിപ്പിച്ചിട്ടുവേണം ഗുണഭോക്താക്കള്‍ അപേക്ഷ സമർപ്പിക്കുവാൻ ശ്രമിക്കേണ്ടത്.

 

അപേക്ഷ സ്വീകരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇനി പറയുന്ന കാര്യങ്ങളാണ്.

 

         കോവിഡ് - 19 ന്റെ പശ്ചാതലത്തിൽ പഞ്ചായത്ത്തലത്തിലും എല്ലാ വർഡ് തലങ്ങളിലും ഹെൽപ്പ് ഡെസ്ക്കുള്‍ ആരംഭിക്കേണ്ടതാണ്. കമ്പ്യൂട്ടറുംസ്ക്കാനറുമുള്ള വ്യക്തികളുടെ സഹായവും ഇതിലേക്കായി വിനിയോഗിക്കാവുന്നതാണ്. ഗുണഭോക്താക്കളുടെ എല്ലാ അർഹതാ മാനദണ്ഡങ്ങളും പരിശോധിച്ച് ഉറപ്പാക്കിയിട്ടു മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുവാൻ പാടുള്ളു. തിരക്ക് കുറയ്ക്കന്നതിന്റെ ഭാഗമായി അക്ഷയ / ഇന്റെർനെറ്റ് സൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങളിൽ ഓരോ വാർഡിനും വ്യത്യസ്ത ദിനങ്ങള്‍ നൽകാവുന്നതാണ്. മുൻപ് സർക്കാരിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ വാർഡ് തലത്തിൽ തരംതിരിച്ച് അർഹർ അല്ലെങ്കിൽ Help Desk / ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ അപേക്ഷകരെക്കൊണ്ട് online അപേക്ഷകള്‍ നൽകുവാൻ ശ്രദ്ധിക്കേണ്ടതാണ്. മുൻപ് റേഷൻ കാർഡ് ഇല്ലാ എന്ന കാരണം അല്ലെങ്കിൽ ജീർണ്ണിച്ച വീട് ഉണ്ടായിരുന്നതു മൂലം 2017ലെ ലിസ്റ്റ് ഉള്‍പ്പെടാതെപോയവർ പുതുക്കിയ മാനദണ്ഡ പ്രകാരം അർഹരാണെങ്കിൽ പുതുതായി അപേക്ഷ നൽകേണ്ടതാണെന്നുള്ള അറിയിപ്പ് നൽകേണ്ടതാണ്. ഓഗസ്റ്റ് 14 കഴിഞ്ഞാൽ ഒരു കാരണവശാലും അപേക്ഷ സമർപ്പിക്കുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അതിന് മുൻപായി എല്ലാ അർഹരായ ഗുണഭോക്താക്കളും അപേക്ഷകള്‍ സമർപ്പിച്ചു എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഒൺലൈൻ വഴിയല്ലാതെ ഒരു കാരണവശാലും അപേക്ഷകള്‍ സ്വീകരിക്കുവാൻ പാടുള്ളതല്ല. അവസാന തീയതി കഴിഞ്ഞാൽ അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ഘടക സ്ഥാപനങ്ങളിലേയും ഉദ്യേഗസ്ഥരെ അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ചുമതലപ്പെടുത്തേണ്ടതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫീൽഡ് പരിശോധന നടത്തി ഓൺലൈനായി പരിശോധനാ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. അനർഹർ കരട് ലിസ്റ്റിൽ ഉള്‍പ്പെട്ടാൽ അന്വേഷണ ഉദ്യേഗസ്ഥനാകും ബാധ്യത വരുക.

 

         ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്റ്റംബർ 26 നകം തദ്ദേശസ്വയംഭരണ സ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി സെപ്റ്റംബർ 30ന് പട്ടിക അന്തിമമാക്കുന്നതിനുമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.