കൊല്ലം: ലൈഫ് പദ്ധതിയുടെ സഹായം ആദ്യ വര്‍ഷം കിട്ടിയിട്ടും ഗൃഹപ്രവേശം സാധ്യമാകാത്ത 70,000 കുടുംബങ്ങള്‍ക്ക് 2018 മാര്‍ച്ച് 31 നകം അതിനുള്ള സാഹചര്യം ഒരുക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ നിര്‍വ്വഹണ അവലോകന യോഗം സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആകെ അനുവദിച്ച നാലു ലക്ഷം രൂപയില്‍ അവശേഷിക്കുന്ന തുകകൂടി ഇത്രയും കുടുംബങ്ങള്‍ക്ക് നല്‍കണം. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡൊന്നിന് ഒരു വീടെന്ന നിലയ്ക്കാണ് അനുവദിക്കുക. അടുത്ത വര്‍ഷം ഒരു ലക്ഷം പേര്‍ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്നര ലക്ഷം പേര്‍ക്കുവീതവും വീട് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിര്‍മ്മിച്ച എല്ലാ വീടുകള്‍ക്കും നമ്പര്‍ നല്കാന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. പഞ്ചായത്ത് സെക്രട്ടറിമാരും പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. അനധികൃത നിര്‍മ്മാണങ്ങള്‍ എല്ലാം നീക്കം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ അവയ്ക്ക് പിഴ ഈടാക്കി സാധൂകരണം നല്‍കുകയാണ് ഉചിതം.
കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കും. കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കി അഴിമതി തടയുകയാണ് പരിഷ്കരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. നികുതി പുതുക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കലാക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്തെ നഗരങ്ങള്‍ അടുത്തു തന്നെ വെളിയിട വിസര്‍ജ്ജ്യ വിമുക്തമാകും.
എല്ലാ പഞ്ചായത്തുകളും ഇക്കാര്യത്തല്‍ പുലര്‍ത്തിയ കൃത്യതയുടെ മാതൃക പിന്തുടരാന് നഗരങ്ങളും ശ്രമിക്കണം മന്ത്രി നിര്‍ദേശിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി നിര്‍വഹണത്തില്‍ നിലവിലെ കണക്കനുസരിച്ച് ഒന്നാമതെത്തിയ കൊല്ലം ജില്ലയുടെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. 30 ശതമാനമാണ് ജില്ലയുടെ മൊത്തം പദ്ധതി വിഹിത വിനിയോഗം. ഗ്രാമപഞ്ചായത്തുകളില്‍ 52 ശതമാനവുമായി മണ്‍ട്രോതുരുത്തും ബ്ലോക്ക് പഞ്ചായത്തുകളില്‍ 37.54 ശതമാനവുമായി ഓച്ചിറയും നഗരസഭകളില്‍ 31.36 ശതമാനവുമായി പുനലൂരും ഒന്നാമതെത്തി.
35.32 ശതമാനമാണ് കൊല്ലം കോര്‍പറേഷന്റെ വിനിയോഗം. ജില്ലാ പഞ്ചായത്ത് 12.37 ശതമാനം വിനിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. പദ്ധതി വിനിയോഗത്തില്‍ പിന്നിലായ തദ്ദേശ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതി നിര്‍വ്വഹണ വിനിയോഗത്തില്‍ ജില്ല ഒന്നാമതെത്തിയെങ്കിലും ഡിസംബറിനകം നിശ്ചിത ലക്ഷ്യമായ 70 ശതമാനം വിനിയോഗത്തിനായി പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. കോര്പറേഷന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജോസ് മാത്യു, പഞ്ചയാത്ത് വകുപ്പ് സെക്രട്ടറി പി. മേരിക്കുട്ടി, അഡീഷണല്‍ ഡെവലപ്മെന്റ് കമ്മിഷണര്‍ ഷൗക്കത്തലി, സര്‍ക്കാര്‍ നോമിനി വിശ്വനാഥന്, ജില്ലാ പഌനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, എ. ഡി. സി ജനറല്‍ വി. സുദേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Source : Kerala News, I&PRD Portal
URL: http://keralanews.gov.in/index.php/klm/11157-70-000
- 457 views