ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതദുരിതങ്ങള്‍ ഉണ്ടാക്കുന്ന ദുഃഖവും മറുവശത്ത് അവര്‍ക്ക് അല്പം ആശ്വാസം പകരാന്‍ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയത്തിലെത്തിയല്ലോ എന്ന സന്തോഷവുമാണ് ഇപ്പോൾ അനുഭപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ച 36 വീടുകളുടെ താക്കോല്‍ദാനം ഇന്ന് കാസർകോട് നടന്നു. 108 വീടുകള്‍ നിര്‍മിക്കുന്നതിനായി 15 ഏക്കര്‍ ഭൂമിയുടെ ഉപയോഗാനുമതിയാണു ട്രസ്റ്റിന് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ബാക്കിയുള്ളവയുടെ പണി ദ്രുതഗതിയില്‍ നടന്നുവരുന്നു.
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍, പെരിയ, കിനാനൂര്‍, കരിന്തളം, എന്മകജെ എന്നീ പഞ്ചായത്തുകളിലായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് മിനി ടൗണ്‍ഷിപ്പ് മാതൃകയില്‍ 108 വീടുകളും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കുന്നത്. കേവലംവീടുകള്‍ മാത്രമല്ല അതിനോടു ചേര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഹെല്‍ത്ത് ക്ലിനിക്, ആംഫി തിയറ്റര്‍, ബാലഭവന് എന്നിവയുമുണ്ടാകും. 50,000 ലിറ്ററിന്റെ കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ടൗണ്‍ഷിപ്പാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവച്ച് നല്കുന്ന സത്യസായി ട്രസ്റ്റിന്റെ 'സായിപ്രസാദം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.
1996ല്‍ സര്‍ക്കാരാണ് കാസര്‍കോട്ടെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം അവസാനിപ്പിച്ചത്. മരുന്നുതളി നിര്‍ത്തിച്ചുവെങ്കിലും അതുവരെ തുടര്‍ന്നുവന്ന വിഷപ്രയോഗം നിരവധി പേരെ രോഗികളാക്കി. ചെറുതും വലുതുമായ വൈകല്യങ്ങളുമായി ഒട്ടേറെ കുട്ടികള്‍ പിറന്നു. ആത്മഹത്യകള്‍ ഉള്‍പ്പെടെ നാലായിരത്തോളം മരണങ്ങള്. ഇനിയും ഇതെത്രകാലം എന്ന ചോദ്യത്തിനുമുന്നില്‍ ഒരു ജനത അമ്പരപ്പോടെ നിന്നു.
കാസര്‍കോട് ജില്ലയിലെ കിഴക്കുഭാഗത്തെ 11 പഞ്ചായത്തുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖല. 2006ലെ സര്‍ക്കാരാണ് ദുരിതബാധിതര്‍ക്കുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. അയ്യായിരത്തിലധികം പേരുടെ പട്ടിക തയ്യാറാക്കി സഹായധനവും പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനുവദിച്ചു. എന്നാല്‍, തുടര്‍ന്നുവന്ന സര്‍ക്കാര്‍ പട്ടികയില്‍ വരുത്തിയ മാറ്റംമറിച്ചിലുകളും സഹായവിതരണത്തിലെ മെല്ലേപ്പോക്കും സ്ഥിതി കൂടുതല്‍ വഷളാക്കി. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഈ ദുരിതബാധിത മേഖലകളില്‍ ഒരു പകല്‍നീണ്ട സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് അന്ന് ഉറപ്പു നൽകിയിരുന്നു. അത് പാലിക്കാന്‍ ഇന്ന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നതും.
ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പത്തുകോടി രൂപയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വകയിരുത്തിയത്. ഇവര്‍ ചികിത്സയ്ക്കായി എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്കു മോറട്ടോറിയവും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ 127 പേര്‍ക്ക് ഒരു ലക്ഷം രൂപാ വീതം ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്കി രണ്ടു വര്‍ഷത്തോളം കാത്തിരുന്നിട്ടും സഹായം ലഭിച്ചില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണു ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശിച്ചത്.
ദുരന്തബാധിത പഞ്ചായത്തുകളിലുള്ളവര്‍ക്കു പുറമെ സമീപ പഞ്ചായത്തുകളിലുള്ള ദുരിതബാധിതർക്കും സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണമുണ്ണാന്‍ 1000 രൂപ പ്രത്യേക അലവന്‍സ് നല്‍കിയിരുന്നു. കാസര്‍കോട് ജില്ലയിലെ അയ്യായിരത്തോളം പേര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധി കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയുന്നതിനു പര്യാപ്തമാണ്. കാസര്‍കോടിനു മാത്രമല്ല, മാരക കീടനാശിനികളുടെ ദുരന്തഫലം അനുഭവിക്കുന്ന രാജ്യത്തെ എല്ലാ ദുരിതബാധിതര്‍ക്കും പ്രതീക്ഷയുണര്‍ത്തുന്ന വിധിയാണിത്. ജീവിതംതന്നെ ദുരന്തമായി മാറിയവര്‍ക്ക് ആശ്വാസം പകരാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഇനി ഒഴിഞ്ഞുമാറാനാകില്ലെന്നതാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിയുടെ പ്രാധാന്യം. ദുരന്തബാധിത ലിസ്റ്റില്‍പ്പെട്ട 5400 പേര്‍ക്ക് അഞ്ചുലക്ഷം രൂപ കമ്പനികള്‍ നഷ്ടപരിഹാരം നല്കണമെണന്നാണല്ലോ കോടതി പറഞ്ഞത്. മൂന്നു മാസത്തിനകം കമ്പനികള്‍ കൊടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നാണ് വിധിയിൽ പറയുന്നത്.
ആറുവര്‍ഷത്തെ നിയമയുദ്ധമാണ് സുപ്രീംകോടതിയില്‍ നടന്നത്. ഇതോടെ എന്‍ഡോസള്‍ഫാന്‍ കാരണം ആരും രോഗബാധിതരായിട്ടില്ലെന്ന കീടനാശിനി കമ്പനികളുടെയും കേന്ദ്ര കൃഷിവകുപ്പിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. ഇരകളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ടെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
- 255 views