സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2021-22 മുതലുള്ള 3 വർഷംകൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യം നേടുന്നതിന് സർക്കാർ സംവിധാനത്തിലൂടെ മാത്രമായി സാധ്യമല്ലാത്തതിനാൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാനായി “മനസ്സോടിത്തിരി മണ്ണ്” എന്ന പേരിൽ വിപുലമായ ഒരു ക്യാമ്പയിൻ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇൗ ക്യാമ്പയിന്റെ സംസ്ഥനതല ഉദ്ഘാടനം 30.12.2021 വ്യാഴാഴ്ച വൈകീട്ട് 5.00 മണിക്ക് എറണാകുളം ടൗൺഹാളിൽ വച്ച് ബഹു. തദ്ദേശസ്വയംഭരണ/ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുകയാണ്. ചടങ്ങിൽ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ആദ്ധ്യക്ഷം വഹിക്കും.
1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി പരമാവധി 2.5 ലക്ഷം രൂപാ വീതം ആകെ 25 കോടി രൂപ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ ശ്രീ. സമീർ പി.ബി, പൂങ്കുഴി ഹൗസ്; അമ്പത് സെന്റ് സ്ഥലം ഇക്കാര്യത്തിനായി കൈമാറാൻ സന്നദ്ധനായിട്ടുണ്ട്. ഇൗ അനുകരണീയ മാതൃകകളുടെ ധാരണാപത്രം കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നതാണ്.
- 238 views