ബജറ്റ് പ്രസംഗം - ലൈഫ് മിഷന്‍

Posted on Friday, March 3, 2017

ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ലൈഫ് മിഷനെകുറിച്ച്

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് രണ്ട് രീതിയിലുള്ള ഇടപെടലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂമിയുള്ള ഭവന രഹിതര്‍ക്ക് ഇപ്പോഴുള്ളതുപോലെ ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്ന സ്കീം ഉണ്ടാകും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയ ങ്ങള്‍ നിര്‍മ്മിച്ച് ഫ്ളാറ്റുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇവ കേവലം പാര്‍പ്പിടസമുച്ചയങ്ങള്‍

മാത്രമായിരിക്കുകയില്ല. ഉപജീവനസുരക്ഷ യ്ക്കും വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ പരിരക്ഷയ്ക്കും മറ്റും വേണ്ടിയുള്ള ഇടപെടലുകള്‍ സമുച്ചയകൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കും. മുന്‍കാലപദ്ധതികളില്‍ പണം അനുവദിച്ചവരില്‍ വീട് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ പ്രത്യേക സ്കീം ഉണ്ടാകും. ഗുണഭോക്താക്കളുടെ സമഗ്രമായ മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കുന്നതിന് ആവശ്യമായ വിവര ശേഖരണ സര്‍വ്വേയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ജനറല്‍ വിഭാഗത്തിന് 3 ലക്ഷം രൂപയും എസ്.സി, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് 3.5 ലക്ഷം രൂപയും ആയിരിക്കും ധനസഹായം. ഈ തുകയ്ക്ക് തീര്‍ക്കാവുന്ന വീടുകളുടെ വ്യത്യസ്ത പ്ലാനുകളില്‍നിന്നു ഗുണഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. പട്ടികവര്‍ഗ്ഗഗുണഭോക്താക്കളുമായി ചര്‍ച്ചചെയ്ത് അവരുടെ അംഗസംഖ്യകൂടി കണക്കിലെടുത്ത് വീടിന്‍റെ വലുപ്പവും രൂപവും ചെലവും നിശ്ചയിക്കാന്‍ അനുവാദം നല്‍കും. സാമൂഹികപ്രതിബന്ധതയുള്ള ഏജന്‍സികള്‍ മുഖേന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് സ്കീമുകളെ തദ്ദേശ ഭരണ സ്ഥാപനാടിസ്ഥാനത്തില്‍ സംയോജിപ്പിക്കും. കേന്ദ്രാവിഷ്കൃതസ്കീമുകളുടെ ധനസഹായം, ഭവനനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ പലിശയ്ക്കുള്ള വായ്പ, സംഭാവന, സി.എസ്.ആര്‍ ഫണ്ട്‌, വാണിജ്യവായ്പ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ചുകൊണ്ടായിരിക്കും ആവശ്യമായ പണം സമാഹരിക്കുക. മൊത്തം 16,000 കോടി രൂപയെങ്കിലും ഇതിന് അഞ്ച് വര്‍ഷംകൊണ്ട് ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നു. ലൈഫ് പാര്‍പ്പിടസമുച്ചയങ്ങള്‍ക്ക് ആവശ്യമായ ഭൂമിയുടെ വില കിഫ്ബി ലാന്‍ഡ് ബോണ്ട് വഴി ആയിരിക്കും കണ്ടെത്തുക. വിതരണക്കാരുടെയും ഇടനില ക്കാരുടെയും ചൂഷണം ഒഴിവാക്കാന്‍ നിര്‍മ്മാണസാമഗ്രികളുടെ വിലകള്‍ കൂടിയാലോചനകളിലൂടെ ജില്ലാ-സംസ്ഥാനതലങ്ങളില്‍നിശ്ചയിക്കും. ഗുണമേന്മ ഉറപ്പാക്കാനും സാങ്കേതികസഹായം ലഭ്യമാക്കാനും എഞ്ചിനീയറിംഗ് വിദ്യാഭ്യാസസ്ഥാപനങ്ങളെ തേര്‍ഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സികളായി നിശ്ചയിക്കും. ഓരോ വീടിന്‍റെയും നിര്‍മ്മാണപുരോഗതി പൊതുജനങ്ങള്‍ക്കുകൂടി നിരീക്ഷിക്കാന്‍ കഴിയുംവിധത്തില്‍ ഐ.റ്റി അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനം ആവിഷ്കരിക്കുന്നതാണ്. 2017-18-ല്‍ 1 ലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കും.