ലൈഫ് മിഷൻ പദ്ധതിയിലൂടെ മണ്‍മറഞ്ഞ ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിച്ച് നാരായണൻ.

narayanan.jpg

ലൈഫ് മിഷൻ പദ്ധതിയിലൂടെ പണി കഴിപ്പിച്ച നാരായണൻ്റെ വീട്

 

കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കക്കോടി ഗ്രാമപ്പഞ്ചായത്തില്‍ കക്കട്ടുകുന്നുമ്മല്‍ താമസിക്കുന്ന നാരായണന്റെ ജീവിതാവസ്ഥയാണ് ഇവിടെ  വിജയഗാഥയായി ലൈഫ് മിഷൻ പദ്ധതിയില്‍ പറയുന്നത്. രണ്ട് കുട്ടികളും ഭാര്യയും  ഉള്‍പ്പെടുന്ന നാരായണന്റെ കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപനമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടുണ്ടാക്കുക എന്നത്. കൂലിപ്പണിക്കാരനായ നാരായണന്‍ ഈ സ്വപ്നസാക്ഷാത്കാരത്തിനായി ഓടി നടക്കുമ്പോഴാണ് 2015-16 സാമ്പത്തിക വര്‍ഷത്തില്‍  ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ IAYഭവനപദ്ധതിയില്‍ ഗുണഭോക്താവായി ഭാര്യ ശ്രീമതി വിജയയെ തെരഞ്ഞെടുത്ത്  ധനസഹായം അനുവദിച്ചത്. ആദ്യ ഗഡു അനുവദിച്ച് വീടുപണി ആരംഭിച്ചു കുറച്ചു നാളുകൾക്കുള്ളിൽ നാരായണന്റെ ഭാര്യ ശ്രീമതി വിജയ രോഗ ബാധിതയായി തീര്‍ന്നു .നിത്യ ചിലവിനു വകയില്ലാതായ നാരായണന്റെ തലയില്‍ ഇടിത്തീ പോലെയാണ്   ഭാര്യക്ക് ക്യാന്‍സര്‍ ആണെന്ന ഡോക്ടറുടെ അറിയിപ്പ്  പതിച്ചത് കല്‍പ്പണിക്കാരനായ നാരായണന് പണിക്കുപോകുന്ന സ്ഥലത്ത് നിന്നും കിട്ടുന്ന ദിവസക്കൂലി  നിത്യചെലവിനും രണ്ട് മക്കളുടെ പഠന ആവശ്യത്തിനുപോലും തികയാത്ത അവസ്ഥയിലാണ് ഭാര്യയുടെ ചികിത്സക്കായി ഭാരിച്ച തുക കണ്ടെത്തേണ്ടി വന്നത്. കിട്ടാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം കടം വാങ്ങി ഭാര്യയുടെ ചികിത്സ നടത്തിയെങ്കിലും നാരായണന്റെ ഭാര്യ മരണത്തിന് കീഴടങ്ങി.മാനസികമായും സാമ്പത്തികമായും ശാരീരികമായും അവശനായ നാരായണന്‍ ഭവന നിര്‍മ്മാണമെന്ന സ്വപ്നം ഉപേക്ഷിക്കുകയും ചെയ്തു. ഈ സമയത്താണ് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാരായണന്റെ ഭവനനിര്‍മ്മാണം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. മാനസികമായി തകര്‍ന്ന നാരായണന് മാനസിക ധൈര്യം പകര്‍ന്ന് ഭവന നിര്‍മ്മാണത്തിന് തയ്യാറെടുപ്പിക്കുക എന്നതായിരുന്നു ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍പിലുള്ള ആദ്യ കടമ്പ. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നിരന്തര ഇടപെടലുകള്‍ക്ക് ശേഷമാണ് നാരായണന്‍ വീടുപണി നടത്താന്‍ തയ്യാറായത്. ലൈഫ് മിഷന്റെ ആദ്യ ഗഡു തുക കൈപ്പറ്റി ഭവനനിര്‍മ്മാണം പുനരാരംഭിച്ച നാരായണന്‍ വിശ്രമം എന്തെന്നറിയാതെ ജോലി ചെയ്ത്, 6 മാസത്തിനകം ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. സ്വന്തമായി അടച്ചുറപ്പുള്ള കോണ്‍ക്രീറ്റ് ചെയ്ത വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ലൈഫ് മിഷന്‍  പദ്ധതി നിമിത്തമായത് അഭിമാനകരമായാണ് നാരായണന്‍ കാണുന്നത്. നാരായണന്റെ മനോധൈര്യവും ഇച്ഛാശക്തിയും മറ്റുള്ളവര്‍ക്ക് ഒരു മാത്യക കൂടിയാണ്. ജീവിതത്തില്‍  സ്വന്തമായി ഒരു ഭവനത്തില്‍ താമസിക്കുക  എന്ന തന്റെ ഭാര്യയുടെ തീവ്രമായ ആഗ്രഹം 6 മാസത്തിനുള്ളില്‍ സഫലീകരിച്ചപ്പോള്‍ തന്റെ ഭാര്യ  കൂടെ ഇല്ല എന്ന വിഷമം നാരായണനെ  അലട്ടുന്നുണ്ടെങ്കിലും തന്റെ മക്കള്‍ക്ക് അടച്ചുറപ്പുള്ള ഭവനത്തില്‍ താമസിക്കാന്‍ കഴിയുന്നതില്‍ നാരായണന് ചാരിതാർഥ്യമുണ്ട്.