- ലൈഫ് പദ്ധതിയുടെ ലക്ഷ്യം എന്ത്?
അടുത്ത അഞ്ച് വര്ഷത്തിനുള്ളില് കേരളത്തിലെ എല്ലാ ഭൂരഹിതര്ക്കും ഭൂരഹിത-ഭവനരഹിതര്ക്കും ഭവനം പൂര്ത്തിയാക്കാത്തവര്ക്കും നിലവിലുള്ള പാര്പ്പിടം വാസയോഗ്യമല്ലാത്തവര്ക്കും സുരക്ഷിതവും മാന്യവുമായ പാര്പ്പിട സംവിധാനം ഒരുക്കി നല്കുക എന്നതാണ് സമ്പൂര്ണ്ണ പാര്പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.
- ആരൊക്കെയാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്?
- ഭൂമിയുള്ള ഭവനരഹിതര്
- ഭവനനിര്മ്മാണം പൂര്ത്തിയാക്കാന് കഴിയാത്തവര്/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്
- പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനം ഉള്ളവര്
- ഭൂരഹിത-ഭവനരഹിതര്
എന്നിവരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്
-
ഗുണഭോക്താക്കളുടെ മുന്ഗണനാ മാനദണ്ഡം എന്താണ്?
- മാനസിക വെല്ലുവിളി നേരിടുന്നവര് / അന്ധര് / ശാരീരിക തളര്ച്ച സംഭവിച്ചവര്
- അഗതികള്
- അംഗവൈകല്യമുള്ളവര്
- ഭിന്നലിംഗക്കാര്
- ഗുരുതര / മാരക രോഗമുള്ളവര്
- അവിവാഹിതരായ അമ്മമാര്
- രോഗം / അപകടത്തില്പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന് പ്രാപ്തിയില്ലാത്തവര്
- വിധവകള്
എന്നിവര്ക്കാണ് ലൈഫ് പദ്ധതിയില് മുന്ഗണന നല്കുന്നത്
- ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്?
കേന്ദ്ര സര്ക്കാര് 2011ല് നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല് വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്വ്വേ നടത്തി അര്ഹരായവരെ കണ്ടെത്തുന്നു. കൂടാതെ ഈ ലിസ്റ്റുകളില് ഉള്പ്പെടാത്ത അര്ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്ത്തകര് നേരിട്ട് കണ്ടെത്തുന്നതാണ്.
- ആരാണ് സര്വ്വേ നടത്തുന്നത് ?
പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്ത്തകരാണ് സര്വ്വേ നടത്തുന്നത്. ആദിവാസി മേഖലയില് കുടുംബശ്രീ പ്രവര്ത്തകര് ഇല്ലാത്തപക്ഷം എസ്.റ്റി പ്രൊമോട്ടര്മാരെ നിയോഗിക്കുന്നതാണ്.
- സര്വ്വേ വിവരങ്ങളുടെ വെരിഫിക്കേഷന് നടത്തുന്നത് ആരാണ്?
സര്വ്വേയുടെ മേല്പരിശോധന ഫീല്ഡ്തല ഉദ്യോഗസ്ഥര് നിര്വ്വഹിക്കുന്നതാണ്. ഗ്രാമപ്രദേശങ്ങളില് വില്ലേജ് എക്സ്റ്റന്ഷന് ഓഫീസര്മാരും നഗരപ്രദേശങ്ങളില് ജെ.എച്ച്.ഐ-മാരുമാണ് മേല്പരിശോധന നടത്തുന്നത്.
- സര്വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വിവരം എവിടെ ലഭിക്കും?
സര്വ്വേ വിവരങ്ങള് സര്ക്കാര്/ലൈഫ് മിഷന്/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും പകര്പ്പുകള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്, ജില്ലാ മിഷന് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്ററുടെ ഓഫീസ്, കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള് എന്നിവിടങ്ങളിലും ലഭിക്കും.
- സര്വ്വേ നടത്തി പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി എവിടെ നല്കണം?
പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില് സംവിധാനം ഉണ്ടായിരിക്കും.
- സര്വ്വേ ലിസ്റ്റില് ഉള് പ്പെടാത്ത ഭൂരഹിത-ഭവനരഹിതരെ കൂട്ടിച്ചേര്ക്കാനുള്ള അധികാരം ആര്ക്കാണ്?
തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്
- ഭൂരഹിത-ഭവനരഹിത കുടുംബങ്ങള് മാത്രമാണോ ലൈഫ് മിഷന്റെ ഗുണഭോക്താക്കള്?
അല്ല. ഭവനനിര്മ്മാണം പൂര്ത്തിയാക്കാന് കഴിയാത്തവര്/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര് എന്നിവരും ലൈഫ് മിഷന്റെ ഗുണഭോക്താക്കളാണ്
- മറ്റ് ഭവന നിര്മ്മാണ പദ്ധതികളുമായി ലൈഫ് മിഷനുള്ള വ്യത്യാസം എന്താണ്?
മറ്റ് ഭവന നിര്മ്മാണ പദ്ധതികള് ഭവനങ്ങള് നിര്മ്മിക്കുന്നതിന് മാത്രം ലക്ഷ്യം വയ്ക്കുമ്പോള്, ഗുണഭോക്താക്കള് സ്വന്തമായി ഉപജീവനം നിര്വ്വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില് ഭാഗഭാക്കാകുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള് അഞ്ച് വര്ഷത്തിനുള്ളില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന പദ്ധതിയാണ് "ലൈഫ് മിഷന്".
- ഗുണഭോക്താക്കളെ കണ്ടെത്തുന്നതില് അയല്ക്കൂട്ടത്തിന്റെ പങ്ക് എന്ത്?
സര്വ്വേയുടെ സൂചകങ്ങളായി ഉപയോഗിക്കുന്ന ലിസ്റ്റുകളില് ഒന്നിലും ഉള് പ്പെടാത്ത അര്ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്ത്തകര് നേരിട്ട് കണ്ടെത്തുന്നതാണ്.
- ഗുണഭോക്താക്കളെ കണ്ടെത്തുന്നതില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുള്ള പങ്ക് എന്ത്?
- ഗുണഭോക്താക്കളെ കണ്ടെത്തുന്നതില് ഏറ്റവും വലിയ ഉത്തരവാദിത്തം നിര്വ്വഹിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ്.
- തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കൈവശമുള്ള വിവിധ പദ്ധതികള്ക്കായി തയ്യാറാക്കിയ പട്ടിക ലൈഫ് മിഷന്, പരിശോധനക്കായി ലഭ്യമാക്കുക
- ആവശ്യമായ കുടുംബശ്രീ ടീമിനെ സിഡിഎസ് പരിശോധനയ്ക്കായി സജ്ജമാക്കുന്നുവെന്ന് ഉറപ്പാക്കുക
- കുടുംബശ്രീ ടീം നിശ്ചിത ദിവസങ്ങളില്പരിശോധന നടത്തുന്നുവെന്നും പരിശോധന വസ്തുനിഷ്ഠമാണെന്നും ഉറപ്പു വരുത്തുക
- മേല്പരിശോധനയ്ക്കായി 10% ഫോറങ്ങള് റാന്ഡമായി തെരഞ്ഞെടുക്കുക
- കുടുംബശ്രീ ടീം പരിശോധന നടത്തി ലഭ്യമാക്കുന്ന ഫാറങ്ങള് മേല്പരിശോധനക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് ലഭ്യമാക്കുക, ഫീല്ഡ് തല ഉദ്യോഗസ്ഥരെ മേല്പരിശോധനയ്ക്കായി ചുമതലപ്പെടുത്തുക
- ഫീല്ഡ്തല ഉദ്യോഗസ്ഥര് സ്ഥലം സന്ദര്ശിച്ച് നിശ്ചിത എണ്ണം ഫാറങ്ങള് മേല്പരിശോധന നടത്തി എന്ന് ഉറപ്പു വരുത്തുക
- മേല്പരിശോധന കഴിഞ്ഞ് ലഭിച്ച ഫോറങ്ങള് ആവശ്യമാകുന്ന പക്ഷം, പുനപരിശോധനയ്ക്കായി കുടുംബശ്രീ ടീമിനെ തിരികെ ഏല്പ്പിക്കുക. പുനപരിശോധന ആവശ്യമില്ലാത്തപക്ഷം ഡാറ്റാ എന്ട്രിക്കായി കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്ഡിനേറ്റര് (ഡിഎംസി) ക്ക് കൈമാറുക
- പരിശോധനയ്ക്കു ശേഷമുള്ള കരട് പട്ടിക ലഭ്യമാകുന്ന മുറക്ക് അപ്പീലിനുള്ള അവസരം ഉറപ്പു വരുത്തുക
- ലഭിക്കുന്ന അപേക്ഷകള്, ഫീല്ഡ് തല ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, സ്ഥലപരിശോധന നടത്തി, ആവശ്യമാകുന്ന പക്ഷം നേരില് കേട്ട്, അപ്പീല് തീര്പ്പാക്കുക
- അര്ഹരായ ആരെങ്കിലും വിട്ടുപോയിട്ടുള്ള പക്ഷം, ആവശ്യമായ പരിശോധന നടത്തി, ആദ്യ ഘട്ട അപ്പീലില് കൂട്ടിചേര്ക്കുക
എന്നിവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകള്.
- ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് എങ്ങനെ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വാര്ഡ് അടിസ്ഥാനത്തില് കരട് പട്ടിക മലയാളത്തിലേയ്ക്ക് മാറ്റി, ക്രമ നമ്പര്, സര്വ്വേ കോഡ്, ഗൃഹനാഥന്റെ പേര്, മേല്വിലാസം, റേഷന്/ആധാര് നമ്പര്, ക്ലേശഘടകങ്ങള് എന്ന ക്രമത്തില് തയ്യാറാക്കി പ്രസിദ്ധീകരിക്കേണ്ടതാണ്. അര്ഹരല്ലാത്തവരുടെ കാര്യത്തില് എന്ത് കാരണത്താല് അര്ഹനല്ല എന്ന വിവരം രേഖപ്പെടുത്തേണ്ടതാണ്. എന്നാല് പൊതുജനങ്ങളുടെ അറിവിലേക്കായി കരടു ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള് അര്ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് മാത്രം പ്രസിദ്ധീകരിക്കേണ്ടതാണ്. മലയാളത്തില് മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കാന് പാടുള്ളൂ. ഇതിനുള്ള ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് തനത്ഫണ്ടില് നിന്നും വിനിയോഗിക്കാവുന്നതാണ്.
- ഏതെല്ലാം സ്ഥാപനങ്ങളിലാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടത്?
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഓഫീസുകളിലും, വെബ്സൈറ്റിലും, കുടുംബശ്രീ എ.ഡി.എസ് ഓഫീസിലും, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്ഡിനേറ്ററുടെ ഓഫീസ്, ജില്ലാ കളക്ടറേറ്റ്, അംഗനവാടികള്, വില്ലേജ് ഓഫീസുകള്, ആരോഗ്യ കേന്ദ്രങ്ങള്, തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ പ്രധാനപ്പെട്ട സര്ക്കാര് ഓഫീസുകളിലും കൂടാതെ വാര്ഡിന്റെ കരട് പട്ടിക, ബന്ധപ്പെട്ട വാര്ഡ് കൗണ്സിലര്/വാര്ഡ് അംഗത്തിനും ലഭ്യമാക്കേണ്ടതാണ്.
- റേഷന് കാര്ഡ് ഇല്ല എന്ന കാരണത്താല് ഒഴിവാക്കിയവരും എന്നാല് വളരെ അര്ഹതയുള്ളവരെയും ഉള്ക്കൊള്ളിക്കാന് കഴിയുമോ?
അഗതികളെ ഉള്പ്പെടുത്താം, ഇവര്ക്ക് റേഷന് കാര്ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള് ഉടനടി സ്വീകരിക്കേണ്ടതാണ്.
- പൂര്ത്തീകരിക്കാത്ത ഭവനങ്ങള് ഉള്ളവരെ, ഭവനരഹിതരുടെ പട്ടികയില് ഉള്ക്കൊള്ളിക്കേണ്ടതുണ്ടോ?
വേണ്ട, ഇവരുടെ പട്ടിക ലൈഫ് മിഷന് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഇവരെ അപ്പീലിലും പരിഗണിക്കേണ്ടതില്ല. പൂര്ത്തീകരിക്കാത്ത ഭവനങ്ങള് പൂര്ത്തീകരിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്ഗ്ഗനിര്ദ്ദേശം നല്കുന്നതാണ്.
- വാസയോഗ്യമല്ലാത്ത ഭവനങ്ങളില് താമസിക്കുന്നവരെ ഈ ഘട്ടത്തില് ഉള്ക്കൊള്ളിക്കേണ്ടതുണ്ടോ?
ഈ ഘട്ടത്തില് ഉള്ക്കൊള്ളിക്കാന് പാടില്ല. വാസയോഗ്യമല്ലാത്ത ഭവനങ്ങള് കണ്ടെത്തുന്നതിന് സാങ്കേതിക പരിശോധന ആവശ്യമാണ്. ആയതിന് റ്റി.പിറ്റി.എ-യെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം ഭവനങ്ങള് കണ്ടെത്തി ധനസഹായം നല്കുന്നതിന് വിശദമായ മാര്ഗ്ഗനിര്ദ്ദേശം പിന്നീട് നല്കുന്നതാണ്. എന്നാല് തടി, ഷീറ്റ് എന്നിവ കൊണ്ട് മാത്രം നിര്മ്മിച്ചിട്ടുള്ള താത്ക്കാലിക ഭവനങ്ങളെ ഭവനരഹിതരായി പരിഗണിച്ച് ഉള്ക്കൊള്ളിക്കേണ്ടതാണ്.
- ക്ലേശഘടകങ്ങള് ഉള്ള കുടുംബങ്ങളെ പരിഗണിക്കുമ്പോള്, ആവശ്യമായ സര്ട്ടിഫിക്കറ്റുകള് പരിശോധിക്കേണ്ടതുണ്ടോ?
വേണ്ട. എന്നാല് പരിശോധനാ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്, വിവരങ്ങള് ചോദിച്ച് മനസ്സിലാക്കി നീതിപൂര്വ്വമായ ഒരു തീരുമാനത്തില് എത്തേണ്ടതാണ്. പിന്നീട് ഭവനങ്ങള് നല്കുന്ന വേളയില് ഇവ വിദഗ്ദ്ധമായി പരിശോധിക്കുന്നതാണ്.
- കൈവശമുള്ള വസ്തുവിന്റെ അളവ് പരിശോധിക്കുമ്പോള് രേഖകള് ആവശ്യപ്പെടേണ്ടതുണ്ടോ?
സാധാരണയായി ആവശ്യമില്ല. എന്നാല് സംശയമുള്ള കാര്യങ്ങളില് രേഖകള് ആവശ്യപ്പെടാവുന്നതും വില്ലേജ് ഓഫീസില് നിന്നും രേഖകള് ശേഖരിച്ച് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
- ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില് ഭവനരഹിതനായി താമസിക്കുകയും എന്നാല് ടിയാന്റെ ഭൂമി മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില് വരുകയും ചെയ്യുമ്പോള് ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഗുണഭോക്താവായി പരിഗണിക്കണം?
നിലവില് താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഗുണഭോക്താവായി പരിഗണിച്ച്, അന്തിമപട്ടിക തയ്യാറാക്കേണ്ടതാണ്. ആയതിന് ശേഷം ഭരണസമിതിയുടെ തീരുമാനത്തോടെ വസ്തുവുള്ള തദ്ദേശസ്വയംഭരണ സമിതിക്ക് കൈമാറി തുടര്ന്ന് പ്രസ്തുത സ്ഥാപനത്തിന്റെ ഗുണഭോക്താവായി പരിഗണിക്കേണ്ടതാണ്.
- ക്ലേശഘടകങ്ങള് ഉള്ള ഗുണഭോക്താക്കളുടെ മുന്ഗണന എങ്ങനെ നിശ്ചയിക്കണം?
ഏറ്റവും കൂടുതല് ഘടകങ്ങള് ഉള്ളവരെ ആദ്യവും, ക്ലേശഘടകങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ച് മുന്ഗണന കുറച്ച് പട്ടിക തയ്യാറാക്കേണ്ടതുമാണ്. ക്ലേശഘടകങ്ങളുടെ എണ്ണം സമാനമായാല് താഴെ പറയുന്ന മുന്ഗണനാക്രമം നിശ്ചയിക്കാവുന്നതാണ്.
- മാനസിക വെല്ലുവിളികള് നേരിടുന്നവര്/അന്ധര്/ശാരീരിക തളര്ച്ച സംഭവിച്ചവര്
- അഗതികള്
- അംഗവൈകല്യമുള്ളവര് (40%-ന് മുകളില്)
- ഭിന്നലിംഗക്കാര്
- ഗുരുതര/മാരകരോഗമുള്ളവര്
- അവിവാഹിതരായ അമ്മമാര്
- രോഗം/അപകടത്തില്പ്പെട്ട്, ജോലി ചെയ്ത് വരുമാനം കണ്ടെത്താന് പ്രാപ്തിയില്ലാത്തവര്
- വിധവകള്
- ഭൂരഹിത ഭവനരഹിതരെ കണ്ടെത്തുമ്പോള് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണോ?
ഇല്ല. എന്നാല് ഭവനസമുച്ചയങ്ങള് അനുവദിക്കുന്ന സമയത്ത് ഗുണഭോക്താവിന്റെ കുടുംബത്തില് ആര്ക്കും ഭൂമിയില്ല എന്നും തങ്ങളുടെ വസ്തു/വീട് എന്നിവ മക്കള്ക്ക് നല്കിയിട്ടില്ല എന്നും ഭാവിയില് മാതാപിതാക്കന്മാരില് നിന്നും നഗരങ്ങളില് 2 സെന്റിന് മുകളിലും ഗ്രാമങ്ങളില് 3 സെന്റിന് മുകളിലും ഭൂമി ലഭിക്കാന് സാധ്യതയില്ല എന്നുള്ള വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് വാങ്ങിയിരിക്കേണ്ടതാണ്.
- ഗുണഭോക്താക്കളുടെ ഫോട്ടോ എടുക്കേണ്ടതുണ്ടോ?
ഗുണഭോക്തൃപട്ടിക അന്തിമമാക്കുമ്പോള് ഗുണഭോക്താക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ എടുക്കേണ്ടതും, ആയത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്സൈറ്റില് പരസ്യപ്പെടുത്തേണ്ടതുമാണ്.
- സര്വേയില് ഉള്പ്പെടുകയും എന്നാല് പരിശോധനയില് അനര്ഹര് എന്ന് കണ്ടെത്തുകയും ചെയ്യുന്ന ഒരാളിന് അപ്പീല് നല്കാമോ?
നല്കാം. അപ്പീല് നല്കുമ്പോള് എന്ത് കാരണം കൊണ്ടാണ് അനര്ഹര് എന്ന് തീരുമാനിച്ചത് എന്നത് പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കേണ്ടതാണ്. ടി കാരണം നീതിയുക്തമല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട പരാതിക്കാരന് ആയിരിക്കുന്നതാണ്.
- മക്കള്ക്ക് വസ്തുവും വീട് കൈമാറിയതിന് ശേഷം ഭവനരഹിതരായവരെ പട്ടികയില് ഉള്ക്കൊള്ളിക്കാമോ?
പാടില്ല. എന്നാല് മക്കള് ഉപേക്ഷിക്കുകയും വാടകയ്ക്ക്/തെരുവോരത്ത് അന്തിയുറങ്ങുന്നവരെ ഭവനസമുച്ചയങ്ങളില്/ഷെല്റ്റര് ഹോം/കെയര് ഹോം എന്നിവിടങ്ങളില് പ്രവേശിപ്പിച്ച് ആവശ്യമായ സംരക്ഷണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം നല്കേണ്ടതാണ്.
- മാതാപിതാക്കള്ക്ക് വസ്തുവുണ്ടായിരിക്കുകയും എന്നാല് ഉടനടി വസ്തു ഭാഗം ചെയ്ത് മക്കള്ക്ക് നല്കാന് സാധ്യതയില്ലാത്ത കാര്യത്തില് മക്കളെ ഗുണഭോക്താവായി പരിഗണിക്കാവുന്നതാണോ?
പരിഗണിക്കാന് പാടില്ല.
- അപ്പീലിന്/ആക്ഷേപത്തിന് പ്രത്യേക ഫാറം ലഭ്യമാണോ?
ഇല്ല. വെള്ളപേപ്പറില് എല്ലാ വിവരങ്ങളും രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കി നല്കിയാല് മതിയാകും.
- വസ്തു ഉണ്ടായിരിക്കുകയും എന്നാല് തര്ക്കത്തില് (കോടതിയില് വ്യവഹാരം ഉള്പ്പെടെ) ഉള്പ്പെട്ടിട്ടുള്ള ഭൂമി ആയാല് (കെട്ടിട നിര്മ്മാണ അനുമതി ലഭ്യമാകില്ല) ഭൂരഹിതരായി പരിഗണിക്കാമോ?
കേസ് തീര്ന്നതിന് ശേഷം പരിഗണിക്കാവുന്നതാണ്.
- വസ്തു ഉണ്ടായിരിക്കുകയും crz /wet land തുടങ്ങിയ വിവിധ കാരണങ്ങളാല് കെട്ടിട നിര്മ്മാണ അനുമതി ലഭിക്കാന് സാധ്യതയില്ലാത്തവരെ ഭൂരഹിതരായി പരിഗണിക്കാമോ?
Wetland കേസുകളില് DLAC അനുവാദം പഞ്ചായത്ത് അടിസ്ഥാനത്തില് വാങ്ങി നല്കേണ്ടതാണ്. LLMC അനുവദിച്ച ഭൂമി മാത്രമേ ഇതിലേക്കായി എടുക്കാന് പാടുള്ളൂ. KLU പ്രകാരം രജിസ്റ്ററില് നിലം എന്ന് എഴുതിയിരിക്കുന്നവ ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതി R.D.O-യ്ക്ക് പ്രത്യേക അപേക്ഷ നല്കി നിയമപരമായി അനുവാദം വങ്ങേണ്ടതാണ്.
- ഒരു റേഷന് കാര്ഡില് അര്ഹരായ ഒന്നില് കൂടുതല് കുടുംബങ്ങളുള്ള പക്ഷം അവരെ പരിഗണിക്കാമോ?
നിലവില് അനുവദിക്കാവുന്നതല്ല. എന്നാല് വിവരങ്ങള് ശേഖരിച്ച് സംസ്ഥാന മിഷനെ അറിയിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് പിന്നീടു തീരുമാനം എടുക്കുന്നതും ആണ്.
- കരട് പട്ടിക ഇതര സര്ക്കാര് ഓഫീസുകളില് പ്രസിദ്ധീകരിക്കാന് നിര്ദ്ദേശിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയാണ്?
പൊതുജനങ്ങള് വിവിധ ആവശ്യങ്ങള്ക്കായി എത്തുന്ന - തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന് നിശ്ചയിക്കുന്ന - സര്ക്കാര് സ്ഥാപനങ്ങള്, ആശുപത്രികള്, അംഗനവാടികള്, വില്ലജ് ഓഫീസ്, റേഷന്കട.
- അപ്പീല് പരിഗണിക്കുമ്പോള് നേരിട്ട് കേള്ക്കേണ്ട ആവശ്യമുണ്ടോ?
ഇല്ല. എന്നാല് അപ്പീല് കമ്മിറ്റിക്ക് ആവശ്യമാണ് എന്ന് കരുതുന്ന പക്ഷം നേരില് കേള്ക്കുന്നതിന് തടസ്സമില്ല.
- അപ്പീല് തീര്പ്പാക്കിയ ശേഷം അര്ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങള് എങ്ങനെയാണ് എം.ഐ.എസില് രേഖപ്പെടുത്തേണ്ടത്?
ആഗസ്റ്റ് 1-ആം തീയതിയോടു കൂടി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും ഗുണഭോക്താക്കളുടെ വിവരങ്ങള് ഉള്ള വെബ്സൈറ്റ് ലഭ്യമാക്കുന്നതും, അന്ന് മുതല് പുതുതായി കണ്ടെത്തിയ അര്ഹരുടെ വിവരങ്ങള് എം.ഐ.എസില് രേഖപ്പെടുത്തുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്. സി-ഫാറം/ഡി-ഫാറം എന്നിവയായിരിക്കും വെബ്സൈറ്റ്-ല് ഡാറ്റാ എന്ട്രിക്കായി ഉള്ളത്. ആയതിനാല് സി/ഡി-ഫാറങ്ങള് മുഴുവനും പൂരിപ്പിച്ച് വാങ്ങിയാല് മാത്രമേ ഡാറ്റാ എന്ട്രി നടത്താന് കഴിയുകയുള്ളൂ.
- നിലവില് നിശ്ചയിച്ച സമയക്രമങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് പ്രാദേശികമായ മാറ്റങ്ങള് വരുത്താമോ?
പാടില്ല. അന്തിമപട്ടിക സെപ്റ്റംബര് 25-ന് പ്രസിദ്ധീകരിക്കാത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പട്ടിക മിഷന്റെ ആവശ്യത്തിനായി പരിഗണിക്കില്ല.
- മറ്റ് ഏതെങ്കിലും പദ്ധതിയില് ഗുണഭോക്താവായി അംഗീകരിക്കുകയും എന്നാല് കരാര് ചമച്ച/കരാര് ചമയ്ക്കാത്തവരുമായ ഗുണഭോക്താക്കളെ പരിഗണിക്കേണ്ടതുണ്ടോ?
കരാര് ചമച്ചവരെയും ചമയ്ക്കാത്തവരെയും ഉള്ക്കൊള്ളിക്കേണ്ടതാണ്. ഇത്തരത്തിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രത്യേകം തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്.
- അന്തിമപട്ടിക അംഗീകരിച്ച് പ്രസിദ്ധീകരിക്കുമ്പോള് മാതൃപട്ടികയില് മാറ്റം വരുത്താന് പാടില്ല എന്നും, ഭേദഗതിയും, ഉള്ക്കൊള്ളിക്കുന്നവയും ഒഴിവാക്കുന്നവയും പ്രത്യേകമായി പ്രസിദ്ധീകരിക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്. ഏകീകരിച്ച പട്ടിക എപ്പോള് പ്രസിദ്ധീകരിക്കാന് കഴിയും?
സെപ്റ്റംബര് 25-ന് നിര്ദ്ദേശ പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഏകീകൃത പട്ടിക തയ്യാറാക്കേണ്ടതും, (നിര്ദ്ദേശ പ്രകാരമുള്ള മുന്ഗണനാക്രമം പാലിച്ച്), പുതിയതായി ഉള്ക്കൊള്ളിച്ചവരെ (രണ്ട് ഘട്ടങ്ങളിലായി), അവരുടെ റിമാര്ക്സ് കോളത്തില് ടി വിവരം (ഏത് ഘട്ടില് ടിയാനെ/ടിയാരിയെ ഉള്ക്കൊള്ളിച്ചു) രേഖപ്പെടുത്തേണ്ടതുമാണ്.
- ക്ലറിക്കല് എറര് / ഡാറ്റാ എന്ട്രി എറര് - എന്നിവ വന്നിട്ടുള്ള കേസുകളെ ഉള്പ്പെടുത്താമോ?
അപ്പീല് വേളയില് ഉള്പ്പെടുത്താം.
- Ineligible ആയിട്ടുള്ളവരെ ഒഴിവാക്കാമോ?
ഒഴിവാക്കാം.
- ചുട്ടെടുക്കാത്ത കട്ട കൊണ്ടും, മണ്ണുകൊണ്ടും നിര്മ്മിച്ച് വീടുകളെ ഇപ്പോള് ഉള്പ്പെടുത്താമോ?
പാടില്ല. ഇത്തരം വീടുകളെ സംബന്ധിച്ച് പിന്നീടു നിര്ദേശം നല്കുന്നതാണ്. - ഭുമി നല്കാന് വ്യക്തികള്/സ്ഥാപനങ്ങള് തയ്യാറായാല് സ്വീകരിക്കാവു ന്നതാണോ?
സ്വീകരിയ്ക്കാവുന്നതാണ്. ഭുമിദാനമായി നല്കുന്നതിലേക്കായി ഒക്ടോബര്-2 ന് എല്ലാ ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട ക്യാംപയിന് ആരംഭിക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചുവരുന്നുണ്ട്. - സര്ക്കാര് ധനസഹായത്തിലൂടെയല്ലാതെ സ്വയം പണിത് പൂര്ത്തിയാക്കാത്ത ഭവനത്തിന് സഹായം നല്കാമോ?
സാധിക്കുകയില്ല. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള് അത്തരത്തിലുള്ള ഭവനങ്ങളുടെ പൂര്ത്തീകരണത്തിന് പൊതുധനസമാഹരണത്തിലൂടെ ധനം സമാഹരിച്ച് പൂര്ത്തിയാക്കുന്നതിന് വേണ്ട ശ്രമം നടത്തേണ്ടതാണ്. - പൂര്ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്ത്തീകരണം ലൈഫ് മിഷന് ഈ വര്ഷത്തെ ലക്ഷ്യമാക്കി കരുതുന്നു. അങ്ങനെയുള്ള ഭവനങ്ങളുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്?
പണിപൂര്ത്തീകരിക്കാത്ത ഭവനങ്ങള്ക്കുള്ള യൂണിറ്റ് നിരക്ക് വര്ദ്ധിപ്പിച്ച് ആനുപാതിക വിഹിതം നല്കി പൂര്ത്തീകരിക്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്. വിവിധ വകുപ്പുകളില് നിന്നും ഇതു സംബന്ധിച്ച വിശവിവരങ്ങള് ശേഖരിച്ച് വരുന്നതേയുള്ളൂ. കൂടാതെ ഇതിലേക്കായി ഒരു ഓണ്ലൈന് M.I.S സംവിധാനവും ഒരുക്കുന്നുണ്ട്. - ഐ.എ.വൈ പദ്ധതിക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളില് പലരും ലൈഫ്മിഷന്റെ ലിസ്റ്റിന്റെ ഭാഗമായിട്ടില്ല ഇവരെ ഗുണഭോക്താക്കളായി പരിഗണിക്കാമോ?
അപ്പീല് സമത്ത് അര്ഹതയുടെ അടിസ്ഥാനത്തില് ഉള്ക്കൊള്ളി ക്കാവുന്നതാണ്. - പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭുമി, സമുശ്ചയം പണിയാന് അനുമതി നല്കാന് കഴിയുമോ?
കഴിയും, പ്രസ്തുത തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ അര്ഹരായ മുഴുവന് പട്ടിക ജാതി ഗുണഭോക്താക്കളെയും പുനരധിവസിപ്പി ക്കുന്നതിനുള്ള സമുശ്ചയങ്ങളുടെ നിര്മ്മാണത്തിന് വാങ്ങിയ ഭുമി ഉപയോഗി ക്കാവുന്നതാണ്. പട്ടികജാതി ഗുണഭോക്താക്കളെ മുഴുവന് പുനരധിവസിപ്പിച്ചുകഴിഞ്ഞാല് മറ്റുവിഭാഗക്കാരുടെ പുനരധിവാസത്തിനായി ഉപയോഗിക്കാവുന്നതാണ്. - പുതിയ പദ്ധതി പ്രകാരം ഒരു വാര്ഡില് ഒരു വര്ഷത്തില് പത്തിലധികം വീട് നല്കാന് കഴിയുമോ ?
അര്ഹരായ മുഴുവന് ഗുണഭോകാതാക്കള്ക്കും അഞ്ചുവര്ഷത്തി നുള്ളില് സുരക്ഷിത ഭവനം നല്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് വാര്ഡ് ഒരു അടിസ്ഥാന ഘടകമാക്കേണ്ടതില്ല. - ഭുമിയുള്ള ഭവനരഹിതരുടെ മാനദണ്ഡത്തില് 25 സെന്റ് സ്ഥലം എന്ന് പറയുന്നു. ഇക്കാരണത്താല് അര്ഹതപ്പെട്ട ആളുകള് ഒഴിവായി പോകുന്നു. പരിധി വര്ദ്ധിപ്പിക്കുമോ?
ഇപ്പോള് പരിഗണിക്കാന് സാദ്ധ്യമല്ല - പൂര്ത്തിയാക്കാത്ത ഭവനങ്ങളുടെ ഇനത്തില് ഭിത്തി തേയ്ക്കാത്തതും ,തിണ്ണ ഇടാത്തതും ആയ വീടുകളെ ഉള്പ്പെടുത്തുമോ?
ഇല്ല, സര്ക്കാരിന്റെ ഏതെങ്കിലും ഭവന പദ്ധതിയില് ഉള്പ്പെട്ട് ആനുകൂല്യത്തിന്റെ ഒരു ഭാഗം കൈപ്പറ്റുകയും എന്നാല് പൂര്ത്തീകരിക്കാന് കഴിയാത്തവരെയുമാണ് ഇതിലേക്കായി പരിഗണിക്കുന്നത്. താമസത്തിന് യോഗ്യമാകുന്ന രീതിയില് പൂര്ത്തിയാക്കിയിട്ടുള്ള ഗുണഭോക്താക്കളെ ഇതിലേക്കായി പരിഗണിക്കുകയില്ല. - പഞ്ചായത്തില് മൂന്ന് ലക്ഷംവീട് കോളനികളുണ്ട്. ഇവിടെ വാസയോഗ്യമല്ലാത്ത വീടുകളില് താമസിക്കുന്നവരാണ് അധികവും. ഇവര്ക്ക് ഫ്ളാറ്റ് മോഡല് വീട് വച്ച് നല്കുന്നത് പരിഗണിക്കാമോ?
ആദ്യഘട്ടത്തില് ഓരോ ജില്ലയിലും ഓരോ ഭവനസമുശ്ചയ നിര്മ്മാണമാണ് ലക്ഷ്യമിടുന്നത്. ഇതില് ഭുരഹിത ഭവനരഹിതരെയാണ് ഗുണഭോക്താക്കളായി കണക്കാക്കുന്നത്. വാസയോഗ്യമല്ലാത്ത ഭവനങ്ങള് വാസയോഗ്യമാക്കല് എന്നഘട്ടത്തില് ഈ നിര്ദ്ദേശം പരിഗണിക്കാവുന്നതാണ്. - ഇരട്ടലക്ഷം വീടുകള് ഒറ്റ വീടുകളാക്കുന്നതിന് പദ്ധതി പ്രയോജന പ്പടുത്താമോ?
വാസയോഗ്യമല്ലാത്ത വീടുകളുടെ വാസയോഗ്യമാക്കല് എന്ന ഘട്ടത്തില് ഇത് പരിഗണിക്കാവുന്നതാണ്. - ഭുമി ഡാറ്റാബാങ്കില് ഉള്പ്പെട്ടവരെ ഭുരഹിതരുടെ പട്ടികയില് ഉള്പ്പെടുത്താമോ?
ഭുമി ഡാറ്റാബാങ്കില് ഉള്പ്പെട്ട ധാരാളം ഗുണഭോക്താക്കള് തദ്ദേശ സ്ഥാപത്തില് ഉണ്ടെങ്കില് ഒരു പ്രത്യേക പ്രൊപ്പോസല് ആയി ജില്ലാകളക്ടര് മുഖാന്തിരം സമര്പ്പിക്കാവുന്നതാണ്. ആയത് ഡി.എല്.എ.സി നടപടിക്രമം പ്രകാരം പരിഗണിച്ച് ഉത്തരവ് നല്കുന്നതാണ്. അനുവദിക്കാന് സാധിക്കാത്ത കേസുകളില് ഉള്പ്പെട്ട ഗുണഭോക്താക്കളെ ഭുരഹിത ഭവനരഹിതരായി കണക്കാക്കേണ്ടതാണ്. - പട്ടയമില്ലാത്ത ഭുമിയില് താമസിക്കുന്നവരെ ഏത് ലിസ്റ്റില് ഉള്പ്പെടുത്താം?
ഭുരഹിത ഭവനരഹിതരുടെ ലിസ്റ്റില് ഉള്പ്പെടുത്താം - അവിവാഹിത, വിവാഹമോചിതര്, സന്താനമില്ലാത്തവര് എന്നിവര്ക്ക് മുന്ഗണന നല്കാമോ?
മുന്ഗണനപട്ടികയില് ഈ വിഭാഗങ്ങള് ഉള്പ്പെട്ടിട്ടില്ല. - കോണ്ക്രീറ്റ് ഘട്ടം വരെ പൂര്ത്തിയാക്കിയ വീട് മുഴുവന് തുകയും വകുപ്പില് നിന്ന് കൈപ്പറ്റിയിട്ടുണ്ട്. പണി പൂര്ത്തീകരിക്കുന്നതിന് അധിക തുക അനുവദിയ്ക്കാമോ?
അധിക തുക അനുവദിയ്ക്കാന് സാധിക്കുകയില്ല. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള് അത്തരത്തിലുള്ള ഭവനങ്ങളുടെ പൂര്ത്തീകരണത്തിന് പൊതുധനസമാഹരണത്തിലൂടെ ധനം സമാഹരിച്ച് പൂര്ത്തിയാക്കുന്നതിനുവേണ്ട ശ്രമം നടത്തേണ്ടതാണ്. - ആദ്യഘട്ടത്തില് ഭവനരഹിതരായ ഷെഡുകളില് താമസിക്കുന്നവരെയാണോ, അല്ലെങ്കില് വിവിധ വകുപ്പുകളില് നിന്ന് ധനസഹായം ലഭിച്ച് ഭവന നിര്മ്മാണം പൂര്ത്തീകരിക്കാന് കഴിയാത്ത കുടുംബങ്ങളെയാണോ പരിഗണിയ്ക്കുന്നത് ?
വിവിധ വകുപ്പുകളില് നിന്നും അനുകൂല്യം കൈപ്പറ്റുകയും എന്നാല്പൂര്ത്തീകരിക്കാന് സാധിക്കാത്തവരായ ഗുണഭോകാതാക്കളെയുമാണ് ആദ്യഘട്ടത്തില് പരിഗണിയ്ക്കുന്നത്. - മരിച്ചുപോയവരുടെ പേരിലുള്ള ഭുമിയില് വീട് വച്ച് താമസിക്കുന്നവര് ഭുരഹിത ഭവനരഹിതരുടെ അര്ഹതാപട്ടികയില് വന്നിട്ടുണ്ട്. ഇവരെ അംഗീകരിക്കാമോ?
സ്വത്ത് വീതംവച്ച് കിട്ടാന് അര്ഹതയുള്ളവരെ ഭുരഹിത ഭവനരഹിതരുടെ പട്ടികയില് ഉള്പ്പെടുത്താന് പാടില്ല. - റേഷന് കാര്ഡ് ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളെ പരിഗണിക്കുമോ ?
ഒരു റേഷന് കാര്ഡില് പേരുള്ളവരെയാണ് ഒരു കുടുംബം എന്ന് വിവക്ഷിച്ചിട്ടുള്ളത്. ഒരു റേഷന് കാര്ഡില് പേരുള്ളവരില് ആര്ക്കെങ്കിലും സ്വന്തമായി ഭവനമുള്ള പക്ഷം പ്രസ്തുത റേഷന് കാര്ഡില് പേരുള്ള ആരെയും ഗുണഭോക്താവായി പരിഗണിക്കുന്നതല്ല. റേഷന് കാര്ഡില്ലാത്ത കുടുംബങ്ങളെ നിലവിലെ മാര്ഗ്ഗരേഖ പ്രകാരം പരിഗണിക്കാന് സാധിക്കില്ല. - റേഷന് കാര്ഡ് ഉണ്ടെങ്കിലെ വീട് ലഭിക്കൂ എന്നും വീടുണ്ടെങ്കിലെ റേഷന് കാര്ഡ് ലഭിക്കൂ എന്ന സ്ഥിതിയുണ്ട്. ഇത് അര്ഹരായ ഗുണഭോക്താക്കള്ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് തടസ്സാമാകില്ലേ ?
ഒരു റേഷന് കാര്ഡില് പേരുള്ളവരെയാണ് ഒരു കുടുംബം എന്ന് വിവക്ഷിച്ചിട്ടുള്ളത്. ഒരു റേഷന് കാര്ഡില് പേരുള്ളവരില് ആര്ക്കെങ്കിലും സ്വന്തമായി ഭവനമുള്ള പക്ഷം പ്രസ്തുത റേഷന് കാര്ഡില് പേരുള്ള ആരെയും ഗുണഭോക്താവായി പരിഗണിക്കുന്നതല്ല. റേഷന് കാര്ഡില്ലാത്ത കുടുംബങ്ങളെ നിലവിലെ മാര്ഗ്ഗരേഖ പ്രകാരം പരിഗണിക്കാന് സാധിക്കില്ല. - ഒരു റേഷന് കാര്ഡിന് ഒരു കുടുംബം എന്ന് നിശ്ചയിച്ചത് അര്ഹരായ ഗുണഭോക്താക്കള്ക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് ഇടയാകില്ലേ ?
ഒരു റേഷന് കാര്ഡില് പേരുള്ളവരെയാണ് ഒരു കുടുംബം എന്ന് വിവക്ഷിച്ചിട്ടുള്ളത്. ഒരു റേഷന് കാര്ഡില് പേരുള്ളവരില് ആര്ക്കെങ്കിലും സ്വന്തമായി ഭവനമുള്ള പക്ഷം പ്രസ്തുത റേഷന് കാര്ഡില് പേരുള്ള ആരെയും ഗുണഭോക്താവായി പരിഗണിക്കുന്നതല്ല. റേഷന് കാര്ഡില്ലാത്ത കുടുംബങ്ങളെ നിലവിലെ മാര്ഗ്ഗരേഖ പ്രകാരം പരിഗണിക്കാന് സാധിക്കില്ല. - വ്യക്തിഗത ഭവനങ്ങളും ഭവനസമുച്ചയവും നിര്മ്മിക്കുന്നതിന് ധനസമാഹരണം / ധനസഹായം ലഭ്യമാക്കുന്ന രീതി എന്താണ് ?
ഭുമിയുള്ള ഭവനരഹിതര്ക്ക് വ്യക്തിഗത ഭവനങ്ങള്ക്കുള്ള ആനുകൂല്യം ലഭ്യമാക്കിയും ഭുരഹിത-ഭവനരഹിതര്ക്ക് ഭവനസമുച്ചയം നിര്മ്മിച്ചും പുനരധിവസിപ്പിക്കുന്നതിനാണ് ലൈഫ് മിഷന് തീരുമാനിച്ചിട്ടുള്ളത്. വ്യക്തിഗത ഭവനങ്ങള്ക്ക് പൊതുവിഭാഗത്തിന് നല്കുന്ന സഹായം 3.5 ലക്ഷം രൂപയും, മത്സ്യ തൊഴിലാളികള്, പട്ടികജാതി വിഭാഗക്കാര്, തോട്ടം തൊഴിലാളികള് എന്നിവര് 4 ലക്ഷം രൂപയും പട്ടിക വര്ഗ്ഗ വിഭാഗത്തില്പ്പെടുന്നവര്ക്ക് യഥാര്ത്ഥ നിര്മ്മാണ ചെലവ് അനുവദിക്കുന്നതിനാണ് 05.04.2017-ല് കൂടിയ ലൈഫ് മിഷന് യോഗത്തില് തീരുമാനിച്ചിട്ടുള്ളത്. (എന്നിരുന്നാലും പ്രസ്തുത തുക 4 ലക്ഷം രൂപയായി ഉയര്ത്തുന്നതിന് ചര്ച്ചകള് നടന്നു വരികയാണ്). ഭുരഹിത- ഭവനരഹിതര്ക്കായി ആദ്യഘട്ടത്തില് 14 ഭവന സമുച്ചയങ്ങള് പണിയുന്നതിനുള്ള നടപടിക്രമങ്ങള് പുരോഗമിച്ചുവരുന്നു. - പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതിനുള്ള സാമ്പത്തിക വിശകലനങ്ങള് വ്യക്തമാക്കാമോ ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ നിന്നും സമാഹരിക്കാനാകുന്ന തുകയും ലഭ്യമാക്കാനാകുന്ന കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും കിഫ്ബി വഴി ലഭ്യമാക്കാനാകുന്ന വായ്പയുമാണ് LIFE പദ്ധതിയുടെ ധനസ്രോതസ്സുകൾ. വായ്പയായി ലഭ്യമാക്കേണ്ടി വരുന്ന തുകയുടെ പലിശ, വരും വർഷങ്ങളിൽ സംസ്ഥാന സർക്കാർ വഹിക്കുന്നതാണ്. എന്നാൽ മുതൽ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും (പരമാവധി 25% എന്നാണ് പരിഗണിക്കുന്നത്) ഓരോ വർഷവും തിരിച്ചു പിടിക്കുന്നതാണ്. - ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭകള്ക്ക് ആയിരിക്കെ സര്വ്വേയ്ക്കായി കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിന്റെ കാരണം എന്താണ് ?
03.01.2017-ല് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തിലാണ് കുടുംബശ്രീ സംഘടനാ സംവിധാനം ഉപയോഗിച്ച് സര്വ്വേ നടത്തുവാന് തീരുമാനിച്ചത്. പ്രാഥമിക സര്വ്വേ നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്ക് നല്കിയിരുന്നു. സര്വ്വേയില് ശേഖരിച്ച വിവരങ്ങള് ഫീല്ഡ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മേല് പരിശോധന നടത്തിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേല് രണ്ട് ഘട്ടങ്ങളിലായി അപ്പീലുകള് സ്വീകരിച്ച് അതത് ഗ്രാമസഭകളുടെയും ഭരണസമിതികളുടെയും അംഗീകാരത്തിന് വിധേയമാക്കി മാത്രമേ അന്തിമ പട്ടിക പ്രസിദ്ധപ്പെടുത്തുകയുള്ളൂ. - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് അനുവദിക്കുന്ന പദ്ധതി വിഹിതം വിവിധ മേഖലകള്ക്കായി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില് എങ്ങനെയായിരിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് ഈ പദ്ധതിക്കുള്ള വിഹിതം കണ്ടെത്തുന്നത് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിൽ നിന്നും സമാഹരിക്കാനാകുന്ന തുകയും ലഭ്യമാക്കാനാകുന്ന കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും കിഫ്ബി വഴി ലഭ്യമാക്കാനാകുന്ന വായ്പയുമാണ് LIFE പദ്ധതിയുടെ ധനസ്രോതസ്സുകൾ. വായ്പയായി ലഭ്യമാക്കേണ്ടി വരുന്ന തുകയുടെ പലിശ, വരും വർഷങ്ങളിൽ സംസ്ഥാന സർക്കാർ വഹിക്കുന്നതാണ്. എന്നാൽ മുതൽ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും (പരമാവധി 25% എന്നാണ് പരിഗണിക്കുന്നത്) ഓരോ വർഷവും തിരിച്ചു പിടിക്കുന്നതാണ്. - പി.എം.എ.വൈ. തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കള്ക്ക് അധിക വിഹിതം നല്കുമോ ?
ലൈഫ് മിഷനില് ഉള്പ്പെടുത്തി വ്യക്തിഗത ഗുണഭോക്താക്കള്ക്ക് ഭവന നിര്മ്മാണത്തിന് നല്കുന്ന ധനസഹായം പൊതു വിഭാഗത്തിന് 3.5 ലക്ഷം കജാതി വിഭാഗം, തോട്ടം-മത്സ്യബന്ധനമേഖലയില് ഉള്ളവര്ക്കും 4 ലക്ഷം രൂപയും ആണ്. പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്ക് യഥാര്ത്ഥ നിര്മ്മാണ ചെലവ് അനുവദിക്കുന്നതാണ്. വിവിധ വകുപ്പുകള് മുഖേന നടപ്പാക്കുന്ന PMAY പോലുള്ള ഭവന നിര്മ്മാണ പദ്ധതികളില് നല്കുന്ന യൂണിറ്റ് കോസ്റ്റും ലൈഫ് മിഷന് മുഖേന നല്കുവാന് തീരുമാനിച്ചിട്ടുള്ള യൂണിറ്റ് കോസ്റ്റും തമ്മിലുള്ള വ്യത്യാസം ഏകീകരിക്കുന്നതിനും അധികം വകയിരുത്തുന്ന ബാക്കി തുക ലൈഫ് മിഷനില് നിന്ന് നല്കുവാനും തീരുമാനിച്ചിട്ടുണ്ട്. - ലക്ഷം വീട് പുനരുദ്ധാരണം ടി പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാമോ ?
ലക്ഷം വീട് പദ്ധതികള് പോലെയുള്ള മുന്കാല സര്ക്കാര് പദ്ധതികളുടെ ഭാഗമായി വീട് ലഭിച്ചവരും എന്നാല് ഇന്ന് കാലപ്പഴക്കത്താല് വാസയോഗ്യമല്ലാതായ വീടുകളെ വാസയോഗ്യമല്ലാത്ത ഭവനങ്ങള് എന്നാ ഗണത്തില് ഉള്പ്പെടുത്തി സഹായം നല്കുന്നതാണ്. - സ്ഥലമുള്ള പല ഗുണഭോക്താക്കലുടെയും സ്ഥലം നിലമായിട്ടാണ് രേഖകളില് ഉള്പ്പെടുത്തിയിട്ടുള്ളത്. ഇവിടെ വീട് നിര്മ്മിക്കുവാനുള്ള പ്രത്യേക അനുവാദം നല്കുമോ ?
ഭൂമി ഡാറ്റാ ബാങ്കില് ഉള്പ്പെട്ട ഗുണഭോക്താക്കള് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില് ധാരാളം ഉണ്ടെങ്കില് ഒരു പ്രത്യേക ശൂപാര്ശ ജില്ലാ കലക്ടര് മുഖേന സമര്പ്പിക്കാവുന്നതാണ്. ആയത് ജില്ലാ തല ആതറൈസേഷന് കമ്മിറ്റി നടപടിക്രമം പ്രകാരം പരിഗണിച്ച് ഉത്തരവ് നല്കുന്നതാണ്. അനുവദിക്കാന് സാധിക്കാത്ത കേസുകളില് ഉള്പ്പെട്ട ഗുണഭോക്താക്കളെ ഭൂരഹിത-ഭവനരഹിതരായി കണക്കാക്കുന്നതാണ്.
- 106384 views