കേരളചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണിത്. നാളിതുവരെ നടന്നിട്ടുള്ളവികസന പ്രക്രിയകളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിഇനിയും അവര്‍ കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ നല്കാന് ഉദ്ദേശിക്കുന്നത്. അതോടൊപ്പംതന്നെ നവ കേരള നിര്‍മാണത്തിന് സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുക കൂടിയാണിവിടെ.
കേരളസംസ്ഥാനം രൂപംകൊണ്ടശേഷം ഭരണത്തില്‍ വന്നിട്ടുള്ളപ്പോഴൊക്കെ കേരളത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിട്ട നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാരുകളുടേത്. ആ ചരിത്രദൗത്യങ്ങളുടെ കാലിക പ്രസക്തിയുള്ള തുടര്‍ച്ചയായാണ് നവ കേരള മിഷന് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമൂലമായ ഭരണ പരിഷ്ക്കാരങ്ങളും ദീര്‍ഘകാല പ്രതിഫലനങ്ങള്‍ ഉളവാക്കിയ സാമൂഹികമാറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ള ഭൂപരിഷ്ക്കരണ നടപടികളും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനകീയവല്‍ക്കരണവും ജനകീയ പൊലീസ് നയങ്ങളും കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മാത്രമല്ല, കേരളത്തിലെ സകല ജനവിഭാഗങ്ങള്‍ക്കും ആവേശം പകര്‍ന്ന ജനകീയ വികസന നടപടികളായിരുന്നു.
ലോകോത്തര മാതൃകകളായി മാറിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളും പങ്കാളിത്ത വികസനത്തിന് പുതിയ ദിശാബോധം നല്കിയ ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളുമുണ്ടായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉള്‍പ്പെടെ നൂതന സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കാനും ടൂറിസം സാധ്യതകളെ വികസിപ്പിക്കാനും ശക്തമായ ഇടപെടലുകള്‍ നടത്തി.സാമൂഹികക്ഷേമ പദ്ധതികളോടൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കി. മാറി വന്ന സര്‍ക്കാരുകള്‍ ഈ മേഖലകളില്‍ നേടിയെടുത്ത വിജയങ്ങള്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിനോ, ആ ശ്രമങ്ങള്‍ തുടരുന്നതിനോ ഉത്സാഹം കാട്ടാതിരുന്നു എന്നത് ഖേദകരമായ ഒരു സത്യമാണ്. ആ ഉപേക്ഷ കൊണ്ട് ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ പിന്‍നിരയിലേക്ക് തള്ളപ്പെട്ടു. സാമൂഹിക നീതികള്‍ പിന്നോക്കം പോയി. പ്രകൃതിപോലും നശിക്കുന്ന അവസ്ഥ ഉണ്ടായി.
ദീര്‍ഘകാല ഫലങ്ങള്‍ ഉളവാക്കാന്‍, അടിസ്ഥാനപരമായി സാമൂഹികമാറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ ശ്രമങ്ങള്‍ ആവശ്യമാണെന്ന് സകല ജനവിഭാഗങ്ങളും ഒരേപോലെ ആഗ്രഹിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കാര്‍ഷിക മേഖലയില്‍ ഉല്പാദനവും ഉല്പാദനക്ഷമതയും വര്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവര്‍, ആദിവാസി, ദളിത് വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ സ്വൈരജീവിതവും തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യവും വെള്ളവും, വെളിച്ചവും ഒക്കെ ഉറപ്പുള്ള അന്തസ്സുള്ള പാര്‍പ്പിടങ്ങള്‍ നല്‍കേണ്ടതായിട്ടുണ്ട്. ശുചിത്വവും, മാലിന്യ സംസ്ക്കരണവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെങ്കില്‍ കൂടി സംസ്ഥാനം ഇടയ്ക്കിടെ വരള്‍ച്ചയുടെ വറുതിയിലേക്ക് വഴുതിവീഴുന്നത് തുടര്‍ക്കഥകളാകുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയും ആധുനിക സംവിധാനങ്ങളിലൂടെയും നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. പ്രകടന പത്രികയില്‍ അവതരിപ്പിച്ച നവകേരളം എന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കുന്നതിനുള്ളഎളിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് ഇവിടെ ആരംഭം കുറിക്കുന്നത്.
മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല് മിഷനുകളുടെ പ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. വ്യാമോഹങ്ങള്‍ സൃഷ്ടിക്കാതെ സകല സാധ്യതകളും മനസ്സിലാക്കി ചിട്ടയായി രൂപപ്പെടുത്തിയവയാണിത്. സമയബന്ധിതമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍. ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു വികസന നയത്തിന്റെ ആവിഷ്ക്കാരം കൂടിയാണ് ഈ മിഷനുകള്‍. സംസ്ഥാന ജില്ലാതലങ്ങളില്മിഷനുകളുടെ ചിട്ടയായ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വികസന പ്രവര്‍ത്തന രീതികള്‍ മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല പ്രാദേശിക സാമ്പത്തിക വികസനം സാമൂഹിക നീതിയോടൊപ്പം ആര്‍ജിക്കുന്നതിനും വഴിയൊരുക്കും. മുന്‍ഗണനാ മേഖലകളില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളേയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും പദ്ധതി സഹായങ്ങള്‍ക്ക് പുറമെ വകുപ്പുകളില്‍നിന്നും വിഭവസമാഹരണം നടത്തുന്നതിനും അവസരം ഉണ്ടാകും. മാത്രമല്ല, പ്രാദേശിക വിഭവ സമാഹരണത്തിനും കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകളുടെ വിനിയോഗത്തിനും അവസരമുണ്ടാകും. പൊതുസേവനങ്ങളുടെ മേന്മ വര്‍ധിപ്പിച്ച് ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. ഒരു നല്ല തുടക്കത്തിന്റെ വിജയകരമായ തുടര്‍ച്ചയാണ് മിഷനുകള്‍.
വ്യക്തിശുചിത്വത്തിന് പേരുകേട്ട നമ്മുടെ സംസ്ഥാനത്തൊട്ടാകെ മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞിരിക്കുന്നു. കേവലം ഭരണ നടപടികളോ ആസൂത്രണ പ്രക്രിയകളോകൊണ്ട് പരിഹരിക്കാവുന്നതല്ല ശുചിത്വവും മാലിന്യ സംസ്ക്കരണവും സംബന്ധിച്ച പ്രശ്നങ്ങള്‍. നാടും ജനങ്ങളും ഉണര്‍ന്ന് ഒത്തൊരുമയോടെ പ്രയത്നിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരംകാണാനാകൂ. ഉറവിട ജൈവ മാലിന്യ സംസ്ക്കരണം പ്രാവര്‍ത്തികമാക്കുന്നതോടൊപ്പം ഗുരുതര പ്രശ്നങ്ങളുള്ള മേഖലകളില്‍ ചെറുകിട കേന്ദ്രീകൃത സംവിധാനങ്ങളും ആവശ്യമായിവരും. പ്രചരണപരിപാടികളില്‍ ഒതുങ്ങാതെ തുടര്‍ച്ചയായ ബോധവല്‍ക്കരണവും ഇടമുറിയാതെയുള്ള സേവന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഉദ്ദേശം. ജനങ്ങള്‍ പൂര്‍ണ്ണ മനസ്സാല്‍ പങ്കാളികളാകുകയും സാമൂഹിക പ്രതിബദ്ധതയോടെ അവരുടെ കടമകള്‍ നിര്‍വ്വഹിക്കുകയും ചെയ്താല്‍ മാത്രമേ സര്‍ക്കാരും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ വിജയത്തിലെത്തിക്കാനാകൂ.
പ്രകൃതി നമുക്ക് നല്കിയ കുളങ്ങളും ഉറവകളും അരുവികളും തോടുകളുമൊക്കെയായി ജലസമൃദ്ധമായിരുന്ന നമ്മുടെ ഭൂപ്രദേശങ്ങള്‍ നമ്മള് തന്നെ വികൃതമാക്കി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വൃത്തിയാക്കി ശുദ്ധീകരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ വീണ്ടും അവ ഉപയോഗശൂന്യമാകുന്ന കാഴ്ചകളും കാണാം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ മിഷന്റെ ഭാഗമായി നടപ്പാക്കും. ജലസ്രോതസ്സുകളുടെ മെച്ചപ്പെട്ട വിനിയോഗത്തിലൂടെ മാത്രമേ അവ പരിപാലിച്ച് സംരക്ഷിക്കാന്‍ സമൂഹം ശ്രദ്ധചെലുത്തുകയുള്ളൂ. ഇതിനുതകുന്ന രീതിയില്ജലസ്രോതസ്സുകള്ക്ക് ചുറ്റും കാര്‍ഷിക പ്രവര്‍ത്തനങ്ങളും, തണ്ണീര്‍ത്തട വികസന പരിപാടികളും നടപ്പാക്കും.
അടുത്ത ഘട്ടങ്ങളില്‍ നദികളും, കായലുകളും വൃത്തിയാക്കുവാനും സംരക്ഷിക്കുവാനുമുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. കേരളത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതി ഭംഗിയും അന്തരീക്ഷവും തെളിഞ്ഞ ശുദ്ധമായ ജല സമ്പത്തുമൊക്കെ കൂടുതല്‍ ടൂറിസം സാധ്യതകള്‍ തുറന്നുതരികയും ചെയ്യും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക വഴി വിഷമയമല്ലാത്ത പച്ചക്കറികളും മറ്റും ഉല്പാദിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. പരസ്പരപൂരകങ്ങളായ മാലിന്യ സംസ്ക്കരണം, ജലസമൃദ്ധി, കാര്‍ഷികവികസനം എന്നിവ ഇണക്കിക്കൊണ്ടാണ് ഹരിതകേരളം മിഷന് പ്രവര്‍ത്തിക്കുക. പൊതുവിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠിച്ച് പുറത്തിറങ്ങി പൊതുപ്രവര്‍ത്തനങ്ങളിലേക്ക് വന്നവരാണ് നമ്മളൊക്കെ. ലോകത്ത് എവിടെയും തൊഴില്‍ നേടിയെടുക്കാന്‍ മലയാളിയെ പ്രാപ്തനാക്കിയ വിദ്യാഭ്യാസമേഖലയാണ് നമുക്ക് ഉണ്ടായിരുന്നത്. വാണിജ്യവല്‍ക്കരണത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റം നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഇല്ലായ്മകളുടെയും നിലവാരമില്ലായ്മയുടെയും പ്രതീകങ്ങളായി ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങള്‍ കുട്ടികളൊഴിഞ്ഞ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നമ്മുടെ കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവര്‍ക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ യത്നങ്ങളാണ് വിദ്യാഭ്യാസ മിഷന് ലക്ഷ്യമിടുന്നത്.
സാര്‍വ്വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമായെങ്കിലും ഗുണപരമായ മുന്നേറ്റങ്ങള്‍ക്കായി ബഹുദൂരം പോകാനുണ്ട്. എയ്ഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്കൂളുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ നവീകരിക്കും. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ശുചിമുറികള്‍, ലബോറട്ടറികള്‍, പഠന കളരികള്എന്നിവയുള്പ്പെടുന്ന പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നതാണ്. ഇതോടൊപ്പംതന്നെ കുട്ടികള്‍ പഠന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുണ്ടോ എന്ന് തുടര്‍ച്ചയായും സ്വതന്ത്രമായും വിലയിരുത്താനും കണ്ടെത്തുന്ന ന്യൂനതകള്‍ പ്രത്യേക ശ്രദ്ധ നല്കി പരിഹരിക്കാനുമുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മാതൃഭാഷ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മാറിവരുന്ന ജീവിതസാഹചര്യങ്ങളില്‍ വിജയിക്കുന്നതിനാവശ്യമായ ആശയ വിനിമയ നിപുണതകള്‍, വ്യക്തിവികസനം, സാമൂഹിക പ്രതിബദ്ധത, പരമ്പരാഗത മൂല്യങ്ങള്‍, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനും മുമ്പെങ്ങുമുണ്ടാകാത്ത രീതിയില്‍ ഊന്നല്‍ നല്‍കും. തദ്ദേശസ്ഥാപനങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎകള്‍, പ്രവാസികള്‍, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകള്‍ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക മൂലധനം സമാഹരിക്കും.
വീടില്ലാത്തവരുടെ പ്രശ്നങ്ങള്‍ നമുക്ക് ഏവര്‍ക്കും അറിവുള്ളതാണ്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലായിട്ടുണ്ടെങ്കിലും എല്ലാ പാവപ്പെട്ടവര്‍ക്കും പാര്‍പ്പിടം നല്കാന് ഇനിയും ആയിട്ടില്ല. പല പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വീടുകള്‍ പാതിവഴിയില്‍ ആകുകയും അവ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. പഴയ പദ്ധതികളില്‍ വീട് ലഭിച്ചവര്‍ക്ക് അവ പൊട്ടിപ്പൊളിഞ്ഞ് വാസയോഗ്യമല്ലാതായ അവസ്ഥയുമുണ്ട്. സ്വന്തമായി ഒരുതുണ്ടു ഭൂമി പോലും ഇല്ലാത്തവര്‍ മിക്ക പദ്ധതികളിലും ഒഴിവായിപ്പോകുന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്. വിവിധ ജന വിഭാഗങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുത്തും വ്യത്യസ്ത പദ്ധതികളിലെ മാനദണ്ഡങ്ങള്‍ ഏകീകരിച്ചും ഒരു പൊതുസംവിധാനത്തിലൂടെ വീടുകള്‍ പൂര്‍ണതയിലെത്തിക്കാന്‍ കഴിയണം. ഒപ്പം സുരക്ഷിതമായ പാര്‍പ്പിടമെന്ന സങ്കല്പത്തിലെ ഘടകങ്ങള്‍ എല്ലാം കൂട്ടിയിണക്കി നല്‍കുന്നതിനും കഴിയണം.
പാവപ്പെട്ടവര്‍ക്ക് ഒരു കൂര എന്നതിലുപരി ഓരോ വീട്ടിലേയും ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍ പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവയൊക്കെ അയല്‍പ്പക്കത്ത് തന്നെ ലഭ്യമാവുന്ന രീതിയിലുള്ള സുരക്ഷിതമായ ഭവനങ്ങളാണ് ലൈഫ് മിഷനില്‍ ലക്ഷ്യമിടുന്നത്. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊക്കെ ഉള്‍പ്പെടുത്തികൊണ്ട് ബഹുനില സമുച്ചയങ്ങളില്‍ അന്തസ്സുള്ള ഭവനങ്ങള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കാനാകാത്ത രീതിയിലാണ് നടപ്പാക്കുക. നടത്തിപ്പിനും പരിപാലന ചെലവുകള്‍ക്കും കുടുംബങ്ങള്‍ക്ക് താങ്ങാനാകുന്ന ഒരു തുക മാസംതോറും റിവോള്‍വിംഗ് ഫണ്ടിലേയ്ക്ക് വരിസംഖ്യ പോലെ നല്കി ഒരുകാലയളവിനുശേഷം ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഉണ്ടാവും.
വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവുകള്‍ അസുഖം വന്നാല്സാധാരണക്കാരെ പോലും ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുന്ന അവസ്ഥ നിലനില്ക്കുന്നു. പൊതുആരോഗ്യ സംവിധാനത്തിന്റെ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പാവപ്പെട്ടവരെത്തന്നെയാണ്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദമാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തി എടുക്കും. മെഡിക്കല്‍ കോളേജുകളില്‍ നൂതന സൂപ്പര്‍സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സുഗമമായി ആതുര ശുശ്രൂഷാ സേവനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യും. അടിയന്തര ചികിത്സകള്‍ തേടി ആശുപത്രികളില്‍ എത്തുമ്പോള്‍ ജീവന്‍രക്ഷാ മരുന്നുകള്‍പോലും പുറത്തുനിന്ന്വാങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കും. നഴ്സുമാര്‍ക്ക് നൈപുണ്യ വികസനത്തിനും തങ്ങളുടെ പ്രവൃത്തി മണ്ഡലത്തില്‍ ഉയരുന്നതിനും പുതിയ അവസരങ്ങള്‍ ഉണ്ടാക്കും. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ റസിഡന്‍സി സംവിധാനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ആതുരശുശ്രൂഷാ തൊഴില്‍രംഗത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആശുപത്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാത്തിരിക്കണമെന്ന് ജനങ്ങളോട് പറയാനില്ല. വ്യമോഹങ്ങള്‍ സൃഷ്ടിച്ച് അവരെ നിരാശപ്പെടുത്തുകയുമില്ല. ഈ പ്രതിജ്ഞയോടെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് നവകേരള മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ നാല് മിഷനുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. ജനകീയാടിത്തറയില്‍ അവരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോടെ മിഷന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ നമ്മുടെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് പ്രാപ്തിയുണ്ട്. മിഷന് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും എടുക്കുന്ന ശ്രമങ്ങള്‍ക്ക് സംസ്ഥാന മിഷനുകളുടെയും ജില്ലാ മിഷനുകളുടെയും പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്കുന്നു.
- 403 views