ലൈഫ് മിഷന്‍: ഭൂമി സംഭാവനക്ക് പ്രത്യേക യജ്ഞം

Posted on Thursday, July 13, 2017

വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് ലഭ്യമാക്കാനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി ഭൂമി സംഭാവനയായി ലഭിക്കുന്നതിന് പ്രത്യേക യജ്ഞം ആരംഭിക്കാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ യോഗം തീരുമാനിച്ചു. ഈ പരിപാടിക്ക് ഒക്ടോബര്‍ 2ന് തുടക്കം കുറിക്കും.  ഏകദേശം അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വാസസ്ഥലം ഒരുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.  ഈ പദ്ധതിയില്‍ ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് കമ്പനികളുടെയും വ്യവസായ സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടുന്നതാണ്.  സാമൂഹ്യ ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി ഈ പദ്ധതിയുമായി സഹകരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.  

പദ്ധതിക്കുള്ള ധനസമാഹരണത്തിന് സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങളെയും വ്യവസായ-വ്യാപാര പ്രമുഖരെയും അവരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചു. അതുപോലെ പദ്ധതിക്ക് കുറഞ്ഞ വിലക്ക് സിമന്‍റ് ലഭ്യമാക്കുന്നതിന് സിമന്‍റ് കമ്പനികളുടെ യോഗവും വിളിക്കും.  ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും ഭവനസമുച്ചയങ്ങളുടെ നിര്‍മാണത്തിനുള്ള ഏകീകരിച്ച നിരക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും  തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിഗദ്ധ സമിതിയെ ചുമതലപ്പെടുത്തി.  ഭവനസമുച്ചയങ്ങളില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണം 500 ചതുരശ്ര അടിയായി നിജപ്പെടുത്തിയിട്ടുണ്ട്.  സമുച്ചയങ്ങളില്‍ 20 ശതമാനം സ്ഥലം പൊതുസൗകര്യത്തിനായിരിക്കും. അംഗന്‍വാടി, ക്രഷ്, പകല്‍വീട് മുതലായ സൗകര്യങ്ങളും ഭവനസമുച്ചയങ്ങളിലുണ്ടാകും. 

ഭവനസമുച്ചയങ്ങള്‍ക്ക് വിവിധ ജില്ലകളിലായി ഇതിനകം 123 ഏക്ര സ്ഥലം കണ്ടെത്തിയിട്ടുണ്ട്.   ബാക്കി സ്ഥലം കണ്ടെത്താന്‍ ശ്രമം നടക്കുന്നു.  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അധീനതയില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ അനുയോജ്യമായ സ്ഥലം  ലൈഫ് പദ്ധതിക്ക് വേണ്ടി ലഭ്യമാക്കും.  വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി കണ്ടെത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.  ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു.  തോട്ടം മേഖലയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ഈ പദ്ധതിക്ക് വേണ്ടി കിട്ടാന്‍ ശ്രമിക്കും.  

വീടില്ലാത്തവരെ കണ്ടെത്താന്‍ കുടുംശ്രീ സംവിധാനം ഉപയോഗിച്ച് ലൈഫ് മിഷന്‍ സംസ്ഥാനത്താകെ സര്‍വെ നടത്തിയിട്ടുണ്ട്.  ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പട്ടിക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ അവസരമുണ്ടാകും.  അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാല്‍ ഗുണഭോക്താക്കളെ അയല്‍ക്കൂട്ടം വഴി അറിയിക്കും.  

വീടില്ലാത്തവര്‍, വീടും  ഭൂമിയും ഇല്ലാത്തവര്‍, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് സഹായം ലഭിച്ചിട്ടും വീട് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കുന്നത്.  തൊഴിലോ മറ്റുവരുമാനമോ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ജീവിതോപാധിയും സാമ്പത്തിക ഭദ്രതയും ഉറപ്പുനല്‍കുന്നതാണ് പദ്ധതി. 

യോഗത്തില്‍ പട്ടികജാതി-പട്ടിക വര്‍ഗ വികസന മന്ത്രി എ കെ ബാലന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാം, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, പട്ടികജാതി-പട്ടികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് അദീല അബ്ദുള്ള, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എം ശിവശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.