ലൈഫ് മിഷൻ പദ്ധതിയും, മഹിളാ പ്രധാൻ ഏജൻ്റുമാരും കൈകോർത്തപ്പോൾ സാധ്യമായത്; സരോജത്തിൻ്റെ സ്വന്തം വീടെന്ന സ്വപ്നം.

PRADAAN YOJANA_0.jpg

ശ്രീമതി. സരോജത്തിന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെയും ജനറൽ എക്സ്റ്റൻഷൻ ഓഫീസറുടെയും സാന്നിദ്ധ്യത്തിൽ മഹിളാ പ്രധാൻ ഏജൻ്റുമാർ ധനസഹായം നൽകുന്നു.

IMG-20180514-WA0010(1).jpg     IMG-20180514-WA0011(1)(1).jpg

ശ്രീമതി. സരോജത്തിന്റെ വീട് ലൈഫ് മിഷൻ പദ്ധതിയ്ക്ക് മുമ്പും ശേഷവും

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ നാവായിക്കുളം പഞ്ചായത്തിൽ കുടവൂർക്കോണം ചാരുവിള വീട്ടിൽ വിധവയായ സരോജത്തിന്റെയും മകന്റെയും വിദൂരസ്വപ്നങ്ങളിലൊന്നായിരുന്നു സ്വന്തമായൊരു വീട്. 2006 - 07 ലെ IAY പദ്ധതി പ്രകാരം 40,500 രൂപ ലഭിച്ചുവെങ്കിലും ഭിത്തി മട്ടം വരെയുള്ള പണികൾ പൂർത്തീകരിക്കാനേ കഴിഞ്ഞുള്ളൂ. സരോജത്തിനും മകനും വീട് ഒരു വിദൂരസ്വപ്നമായി മാറുകയായിരുന്നു. നാളിതുവരെ സരോജവും മകനും ബന്ധു വീടുകളിലാണ് മാറി മാറി താമസിച്ചു വന്നത്, നിർധരായ ഈ കുടുംബത്തിന് സ്വന്തമായുള്ള വീടിന്റെ പണികൾ പൂർത്തിയാക്കുവാൻ യാതൊരു മാർഗ്ഗവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ലൈഫ് മിഷന്റെ ആദ്യഘട്ട പദ്ധതിയിൽ സരോജത്തെ ഉൾപ്പെടുത്തുന്നത്. ലൈഫ് മിഷനിലൂടെ മേൽക്കൂര നിർമ്മാണത്തിന് 40,000 രൂപ അനുവദിച്ചെങ്കിലും നിലവിൽ ഭവനനിർമ്മാണ സാമഗ്രികളുടെ ഭീമമായ വിലവർദ്ധനവും, പണിക്കൂലിയും മൂലം മേൽക്കൂര നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം മാത്രമേ സരോജത്തിന് പൂർത്തികരിക്കുവാൻ കഴിഞ്ഞുള്ളൂ. തത് അവസരത്തിലാണ് കിളിമാനൂർ ബ്ലോക്കിലെ മഹിളാ പ്രധാൻ ഏജന്റുമാരുടെ സഹായഹസ്തം സരോജത്തെ തേടി എത്തുന്നത്. മേൽക്കൂര പാകുന്നതിനുള്ള ഓടുകളും, വീടിന്റെ മുൻ വശത്തും പിൻ വശത്തുമുള്ള വാതിലുകളും ഏജന്റ്മാർ സ്പോൺസർ ചെയ്യുകയും, ഓട് പാകുന്നതിനാവശ്യമായ രൂപ ഏജന്റ്മാർ തന്നെ സ്വരൂപിച്ച് നൽകി. ഈ രൂപ വിനിയോഗിച്ചു കൊണ്ട് വീട് പണി വളരെ വേഗത്തിൽ സരോജത്തിന് പൂർത്തിയാക്കുവാൻ കഴിഞ്ഞു. ബന്ധു വീടുകളിൽ അന്തിയുറങ്ങിയിരുന്ന സരോജത്തിനും മകനും ലൈഫ് മിഷൻ പദ്ധതിയും, മഹിളാ പ്രധാൻ ഏജന്റുമാരുടെ സഹായത്താലും ഇന്ന് സ്വന്തം വീട്ടിലാണ് അന്തിയുറങ്ങുന്നത്. ലൈഫ് മിഷന്റെ വിജയഗാഥകളിൽ ഇനി സരോജവും കുടുംബവും കൂടി.