പൊന്നമ്മയുടെ വീട് ലൈഫ് മിഷൻ പദ്ധതിയ്ക്ക് മുമ്പും ശേഷവും.
പത്തനംതിട്ട: ലൈഫ് മിഷന്റെ ഒന്നാംഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണ പദ്ധതി പ്രകാരം കയറി കിടക്കുവാന് ഒരിടം ലഭിച്ച സന്തോഷത്തിലാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പൊന്നമ്മ വാസുകുട്ടിയും കുടുംബവും. പത്തനതിട്ട ജില്ലയിലെ ഏറ്റവും ദുര്‍ഘട പ്രദേശങ്ങളിലൊന്നായ മുതുപേഴുകല് ചുരക്കുന്ന് കോളനി ഭാഗത്ത് താമസിച്ചിരുന്ന പൊന്നമ്മയും ഭര്‍ത്താവ് വാസുകുട്ടിയും, മകളും അടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. 2008- 09 IAY പദ്ധതി പ്രകാരം വീട് നിര്‍മ്മാണത്തിന് 60, 500 രൂപ ലഭിച്ചെങ്കിലും, സാധനങ്ങളുടെ വിലയും, ഭര്‍ത്താവായ വാസുക്കുട്ടിയുടെ അസുഖവും മൂലം അന്ന് തന്നെ വീട് നിര്‍മ്മാണം മുടങ്ങിയ അവസ്ഥയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങികിടക്കുന്ന വീടിനു സമീപത്തുള്ള ഷെഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. വീട് എന്നത് സ്വപ്നമായി മാത്രം അവശേഷിക്കുമ്പോഴാണ്, ലൈഫ് മിഷന്റെ പദ്ധതി ഈ കുടുംബത്തെ തേടി എത്തുന്നത്. നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും ജല ദൗര്‍ലഭ്യവും, പണിക്കൂലിയുടെ വര്‍ദ്ധനവും, സാധനസാമഗ്രികളുടെ പൊള്ളുന്ന വിലയും നിര്‍മ്മാണ വേഗതയെ പിന്നോട്ടടിക്കുകയാണ് ഉണ്ടായത്. പ്രദേശവാസികളുടെ സഹകരണത്തോടെ കോന്നി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച 20,000 രൂപയും, ലൈഫ് മിഷന്റെ വിഹിതമായ 73,333 രൂപയും ഉപയോഗിച്ച് ഭിത്തിപണികള് വരെ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. അടുത്ത ഘട്ടമായ 17,000 രൂപകൊണ്ട് മേല്‍ക്കൂര എങ്ങനെ കോണ്‍ക്രീറ്റ് നടത്തുമെന്ന് ചോദ്യചിഹ്നമായി അവശേഷിക്കുമ്പോഴാണ്, കോന്നി IHRD കോളേജിലെ NSS ടീം സഹായ ഹസ്തവുമായി എത്തിയത്. മുന്‍പ് കോളേജ് ടീം ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡ് തുകയില്‍ നിന്നും 15,000 രൂപ ഈ കുടുംബത്തിന് സംഭാവന ചെയ്യുകയും, പ്രദേശവാസികളുടെ സഹകരണത്തോടെ സാധന –സാമഗ്രികള്‍ വിലകുറച്ച് സമാഹരിക്കാന്‍ കഴിഞ്ഞതിലൂടെ അതിവേഗം മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുവാനും വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുവാനും കഴിഞ്ഞു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന പൊന്നമ്മയ്ക്കും കുടുംബത്തിനും ലൈഫ് മിഷന്റെ ഈ സഹായം പുതിയ വെളിച്ചമാണ് നല്‍കിയത്.
- 151 views