ലൈഫ് മിഷന്‍റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി

Posted on Monday, April 24, 2017

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.

പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തരമായി ഇടമലക്കുടിയിലേക്ക് മാറ്റും. കഴിയുന്നതും പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കണം ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. ഇടമലക്കുടിയില്‍ പുതിയ ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കും. നിലവിലുള്ള എല്‍പി സ്കൂള്‍ യുപി ആയി ഉയര്‍ത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കും. ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്. എല്ലാ അംഗനവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അംഗനവാടികളില്‍ തദ്ദേശവാസികളായ ആദിവാസികളെ വര്‍ക്കര്‍മാരായി നിയമിക്കും. ലൈഫ് മിഷന്‍റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ദേവികുളം സബ് കലക്ടറെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു.