സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും പാര്‍പ്പിടം നല്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്) വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ ചെലവില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്കാന് തത്പരരായ സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചുരുങ്ങിയ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സന്നദ്ധരായവരുടെയും സഹായം തേടും. ലൈഫ് മിഷന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണം നടത്തുന്നതിനായി രണ്ട് ഹെഡ് ഓഫ് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. പതിമൂന്നാം പദ്ധതി രൂപീകരണത്തിനായി നീക്കി വച്ച തുകയില്‍ നിന്നും മൂന്നുകോടിരൂപ ലൈഫ് മിഷന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് അധികമായി ആവശ്യമായ 16,520 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി സ്വീകരിക്കും. പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചുമതല കുടുംബശ്രീക്കാണ്.
- ഫെബ്രുവരി 8 മുതല്‍ 17 വരെ പദ്ധതി സംബന്ധമായ പ്രചാരണം
- ഫെബ്രുവരി 13ന് കുടുംബശ്രീക്കാര്‍ക്ക് ജില്ലാതല പരിശീലനം
- ഫെബ്രുവരി 15, 16 തിയതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതല പരിശീലനം
- ഫെബ്രുവരി 18,19 തിയതികളില്‍ സര്‍വേയും
- ഫെബ്രുവരി 28ന് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കല്‍
- മാര്‍ച്ച് 4 ഗുണഭോക്താക്കളുടെ ആദ്യ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
- മാര്‍ച്ച് 13ന് കരട് ലിസ്റ്റിന്മേലുള്ള ആദ്യ അപ്പീലുകള്‍ സ്വീകരിക്കല്‍
- മാര്‍ച്ച് 20ന് അപ്പീലുകള്‍ പരിഹരിച്ച് രണ്ടാം കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
- മാര്‍ച്ച് 30 ന് രണ്ടാം കരട് ലിസ്റ്റില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.
- ഏപ്രില്‍ 10 അപ്പീലുകള്‍ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിക്കും.
350 മുതല്‍ അറുനൂറ് ചതുരശ്ര അടി വരെയാണ് പാര്‍പ്പിട പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള വിസ്തീര്‍ണം. ഗുണഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമായ രീതിയില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ സഹായത്തോടെ പ്ലാനുകള്‍ തയ്യാറാക്കും. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ആറ് സ്ഥലങ്ങളിലായി അറുനൂറ് പേര്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കും. ലൈഫ് മിഷന് പ്രവര്‍ത്തനങ്ങളുടെ വിവരവ്യാപനത്തിനായി വെബ്സൈറ്റും (www.lifemission.lsgkerala.gov.in) തുടങ്ങിയിട്ടുണ്ട്. യോഗത്തില്‍ മന്ത്രിമാരായ ഡോ. കെ.ടി. ജലീല്‍, ഡോ. ടി.എം. തോമസ് ഐസക്, എം.എം. മണി, എ.കെ. ബാലന്, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന് എന്നിവരും വിവിധവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
- 2045 views