ലൈഫിന് വഴികാട്ടിയായി - കുടുംബശ്രീയുടെ കരിമഠം അനുഭവം

Posted on Tuesday, February 14, 2017

ബിനു ഫ്രാന്‍സിസ് | പ്രോഗ്രാം ഓഫീസര്‍ (അര്‍ബന്‍) | കുടുംബശ്രീ

സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭവനമെന്ന ദൗത്യത്തോടെ 'ലൈഫ്' പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 4.32 ലക്ഷം കുടുംബങ്ങള്‍ ഭവനരഹിതരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നും അതില്‍ 1.58 ലക്ഷം കുടുംബങ്ങള്‍ ഭൂരഹിതരാണ് എന്നുമാണ് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കെല്ലാം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടമൊരുക്കുക എന്ന ബൃഹത്തായ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറുകയാണ് സംസ്ഥാന സര്‍ക്കാര്‍.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭൂമിയുടെ ലഭ്യത ഒരു വെല്ലുവിളി തന്നെയാണ്. 3 സെന്‍റ് ഭൂമി ഒരാളിന് നല്‍കി ഭവനം നിര്‍മിച്ചു നല്‍കണമെങ്കില്‍ ഏകദേശം 4740 ഏക്കര്‍ ഭൂമി ആവശ്യമാണ്. പരിമിതമായ ഭൂവിഭവം ഉള്ള കേരളത്തിന് വാസയോഗ്യമായ ഇത്രയും ഭൂമി ലഭ്യമാക്കുക എന്നത് അതിലേറെ വെല്ലുവിളിയാണ്. ഇവിടെയാണ് തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള കരിമഠം ചേരിയെ വികസിപ്പിച്ച കുടുംബശ്രീയുടെ ഇടപെടലിന്‍റെ പ്രസക്തി.


6.4 കോടി, എട്ടു മാസം -
കരീമഠം ഭവനസമുച്ചയം റെഡി

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 6. 4 കോടി രൂപ ചെലവഴിച്ചു കരിമഠം ഭവനസമുച്ചയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍. 2015 ഒക്ടോബറില്‍ നിര്‍മാണം തുടങ്ങിയ ഭവനസമുച്ചയം എട്ടുമാസം കൊണ്ട് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാന്‍ കഴിഞ്ഞത് കുടുംബശ്രീയുടെ നേട്ടമാണ്. കനത്ത മഴയും വെള്ളക്കെട്ടും ഉള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം അതിജീവിച്ചുകൊണ്ടാണ് എഴുപത്തിരണ്ട് കുടുംബങ്ങള്‍ക്ക് കുടുംബശ്രീ സുരക്ഷിത ഭവനമൊരുക്കിയത്. പഴയ കെട്ടിടത്തില്‍ താമസിച്ചുകൊണ്ടിരുന്നവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന കാലയളവില്‍ മാറിത്താമസിക്കുകയായിരുന്നു. ഇങ്ങനെ മാറി താമസിച്ച ഓരോ കുടംബത്തിനും വാടകയിനത്തില്‍ പ്രതിമാസം 2000 രൂപ വീതം കുടുംബശ്രീ അര്‍ബന്‍ ഹൗസിംഗ് മിഷനില്‍ നിന്നും നല്‍കിയിരുന്നു. ടേണ്‍ കീ വ്യവസ്ഥയില്‍ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഷെല്‍ട്ടര്‍ ഫോര്‍ ഹൗസ്ലെസ് ഘടകം ഉപയോഗിച്ച് നുറു ശതമാനം സബ്സിഡിയോടുകൂടിയാണ് ഭവനസമുച്ചയം നിര്‍മിച്ചത്.


തിരുവനന്തപുരം, ചാല കമ്പോളത്തിന് സമീപം 9.73 ഏക്കറില്‍ (കുളം ഉള്‍പ്പെടെ) സ്ഥിതി ചെയ്യുന്ന ചേരിയാണ് കരിമഠം. ഇവിടെയുള്ള ചേരിനിവാസികള്‍ എല്ലാവരും അസംഘടിത മേഖലയില്‍ തൊഴില്‍ എടുക്കുന്നവരും ഒരുകാലത്ത് പോലീസിനു പോലും അപ്രാപ്യമായിരുന്ന ഒരു കേന്ദ്രവുമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് കയറിച്ചെല്ലാന്‍ പ്രയാസമുള്ള ഈ പ്രദേശത്ത് 560 കുടുംബങ്ങളും 2341 ആള്‍ക്കാരും ഉണ്ടായിരുന്നു. ഷീറ്റുകളും മറ്റു താല്‍ക്കാലിക സംവിധാനങ്ങളും ഉപയോഗിച്ച് ഉണ്ടാക്കിയ വീടുകളും തുറസ്സായ സ്ഥലമില്ലാത്തതും ശുചിത്വമില്ലായ്മയും ദാരിദ്ര്യവും മുഖമുദ്രയാക്കിയ കരിമഠത്തിന്‍റെ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണ്.

കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ ആരംഭിച്ച ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിനീവല്‍ മിഷന്‍ (ജെ.എന്‍.എന്‍.യു.ആര്‍.എം) പദ്ധതിയുടെ ഉപഘടകമായ നഗരദരിദ്രര്‍ക്കുളള അടിസ്ഥാന സൗകര്യങ്ങളില്‍ (ബേസിക് സര്‍വീസ് ടു ദി അര്‍ബന്‍ പൂവര്‍) കരിമഠത്തെ 2007-ല്‍ തെരഞ്ഞെടുക്കുകയും വിശദമായ കര്‍മപദ്ധതി തയ്യാറാക്കുന്നതിനായി കോസ്റ്റ് ഫോര്‍ഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 2007-08 ല്‍ 10.84 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു. പദ്ധതി പ്രകാരം 560 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിനും മറ്റ് സാമൂഹിക പശ്ചാത്തല വികസനങ്ങളായ അംഗന്‍വാടി, മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, സ്റ്റഡി സെന്‍റര്‍ എന്നിവയും വകയിരുത്തിയിട്ടുണ്ട്. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീ ആണ്.

യോഗ്യമായ 600 സെന്‍റ് ഭൂമിയില്‍ 560 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ലാറിബേക്കര്‍ മാതൃകയില്‍ മൂന്നു നിലകളിലായി കോണ്‍ക്രീറ്റ് തൂണുകള്‍ ഇല്ലാതെ നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളില്‍ 560 കുടുംബങ്ങള്‍ക്കാണ് ഭവനമൊരുക്കുന്നത്. ഒരു കെട്ടിട സമുച്ചയത്തില്‍ പത്തു ഭവനങ്ങളുണ്ട്. ഒരു ഭവനത്തിന് 37.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും ഒരു കെട്ടിട സമുച്ചയത്തിന് 540 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. അടുക്കള, കുളിമുറി, കിടക്കമുറി, സ്വീകരണമുറി എന്നിവയടങ്ങുന്നതാണ് ഒരു ഭവനം. കരിമഠം പദ്ധതി ആവിഷ്കരിച്ചപ്പോള്‍ യോഗ്യമായ 600 സെന്‍റ് ഭൂമിയില്‍ 560 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. ഒരു കുടുംബത്തിന് ഒരു സെന്‍റ് ഭൂമിയില്‍ ഭവനവും മറ്റ് സാമൂഹിക സംരക്ഷണ ഉപാധികളും ലഭ്യമാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് കോസ്റ്റ് ഫോര്‍ഡാണ് പദ്ധതി രൂപകല്‍പന ചെയ്തത്.

പദ്ധതിയോട് മുഖംതിരിച്ചു നിന്ന ചേരിനിവാസികളെ പദ്ധതിയുമായി സഹകരിപ്പിക്കുക എന്നത് കുടുംബശ്രീക്കും നഗരസഭയ്ക്കും ഒരു വലിയ വെല്ലുവിളിയായിരുന്നു. അയല്‍ക്കൂട്ട സംവിധാനത്തെ ഉപയോഗിച്ച് ഏറ്റവും താഴെക്കിടയില്‍ ഇറങ്ങി ബോധവല്‍ക്കരണം നടത്തി മനോഭാവത്തില്‍ മാറ്റം വരുത്തുവാന്‍ കഴിഞ്ഞതാണ് പദ്ധതിയുടെ വിജയകാരണം. ഇന്ന് മികച്ച നിലവാരം പുലര്‍ത്തുന്ന ഭവനം ഉള്ളതിനാല്‍ പുതിയ തലമുറയ്ക്ക് പഠന അന്തരീക്ഷം ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതുവഴി ചേരിയില്‍ അധിഷ്ഠിതമായ ജീവിത നിലവാരം പുലര്‍ത്തിയിരുന്ന ഒരു തലമുറയെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കാനും കുടുംബശ്രീക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.

കരിമഠം കോളനിയില്‍ താമസിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യം ഒരുക്കി സര്‍ക്കാരിന്‍റെ വിവിധ സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളാക്കുക വഴി സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വസിക്കാനും കോളനി നിവാസികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ ഭവനരഹിതരായ 1.58 ലക്ഷം പേര്‍ക്ക് കരിമഠം അനുഭവം കണക്കിലെടുത്ത് പദ്ധതി ആവിഷ്കരിച്ചാല്‍ 1580 ഏക്കര്‍ ഭൂമി മാത്രം മതിയാവുന്നതാണ്. ഇത്രയും വാസയോഗ്യമായ ഭൂമി കണ്ടെത്തുക എന്നത് നിലവില്‍ സംസ്ഥാന സര്‍ക്കാരിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കാനാകും.

ലൈഫ് പദ്ധതി വഴി കേരളത്തിലെ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും ഭവനവും ജീവിതോപാധിയും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ദൗത്യത്തിന് കുടുംബശ്രീയുടെ കരിമഠം അനുഭവം തീര്‍ച്ചയായും ഒരു വഴികാട്ടിയാവുമെന്ന് പ്രതീക്ഷിക്കാം.

Karimadom Old and New building