തങ്കമണിയ്ക്കും കുടുംബത്തിനും വന്യമൃഗങ്ങളെ പേടിക്കാതെ അന്തിയുറങ്ങാം; അനുഗ്രഹമായത് ലൈഫ് മിഷൻ പദ്ധതി.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ എരുമ-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഒയോളത്ത് താമസിക്കുന്ന ശ്രീമതി തങ്കമണിയും കുടുംബവും ഇ.എം.എസ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. വീടിന്റെ പണി 2010-ൽ ആരംഭിച്ചുവെങ്കിലും ഭർത്താവിനു കാൻസർ ബാധിച്ചതിനെ തുടർന്ന് രണ്ടു വർഷത്തോളം ചികിത്സ തുടരുകയും അസുഖം മൂർച്ഛിച്ചു മരണപ്പെടുകയും ചെയ്തു, ആയത് മൂലം തങ്കമണിയുടെ കുടുംബത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയും, വീട് പണി നിർത്തി വയ്ക്കേണ്ടതായും വന്നു. ഒറ്റപ്പെട്ട പ്രദേശത്ത് പണി പൂർത്തിയാക്കാത്ത വീടിനടുത്തുള്ള ഷെഡിൽ താമസിച്ചിരുന്ന തങ്കമണിയ്ക്കും കുടുംബത്തിനും കാട്ടുപന്നികളുടെയും വന്യമൃഗങ്ങളുടേയും ശല്യം രൂക്ഷമായിരുന്നു. തങ്കമണിയ്ക്ക് നേഴ്സിങ് വിദ്യാർത്ഥിയായ ഒരു മകളും ബാംഗളൂരിൽ പഠിക്കുന്ന ഒരു മകനുമാണ് ഉള്ളത്. കൂലി പണി നടത്തി കുടുംബം പുലർത്തുന്ന തങ്കമണിയ്ക്ക് വീട് എന്നത് ഒരു വിദൂര സ്വപ്നം മാത്രമായി അവശേഷിക്കുമ്പോഴാണ്, ലൈഫ് മിഷൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തങ്കമണിയുടെ പേര് ഉൾപ്പെടുത്തുന്നത്. തങ്കമണിയുടെ ഉൾപ്പെടെ ഏഴ് ഭവനങ്ങളാണ് ഈ ഗ്രാമപഞ്ചായത്തിന്റെ പണി പൂർത്തിയാക്കുവാനുള്ള ലിസ്റ്റിൽ ഉണ്ടായിരുന്നത്, നിർമ്മാണ സാമഗ്രികളുടെ ഭീമമായ വില വർദ്ധനവ് മൂലം ഓരോ ഘട്ടവും വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പൊതുജന പങ്കാളിത്തവും സുമനസ്സുള്ള കട ഉടമകളുടെ സഹായം മൂലം പണികൾ വേഗം പൂർത്തിയാക്കുവാൻ കഴിഞ്ഞു. തങ്കമണി ഉൾപ്പെടെ ഏഴ് കുടുംബങ്ങളും ഇപ്പോൾ അടച്ചുറപ്പുള്ള ഒരു വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇനി ഇവർക്ക് വന്യമൃഗങ്ങളെ പേടിക്കാതെ ജീവിക്കാം. ലൈഫ് മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ വിജയത്തിന് ഒരു പൊൻതൂവൽ കൂടി.