പത്തനംതിട്ട: മലയോരപ്രദേശമായ പ്രമാടം ഗ്രാമപഞ്ചായത്തിൽ അന്ധനും, ഭിക്ഷാടനം നടത്തി ഉപജീവനം കഴിക്കുകയും ചെയ്യുന്ന രാമചന്ദ്രന്റെ വിദൂര സ്വപ്നമായിരുന്നു തന്റെ പൊളിഞ്ഞു നിലം പറ്റിയ കുടിലിനു പകരം പുതിയ വീട്. 2011-12 IAY ലെ ഗുണഭോക്താവായ രാമചന്ദ്രനെ ലൈഫ് മിഷന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തിയത് പുതിയൊരു പ്രതീക്ഷയായിരുന്നു. എന്നിരുന്നാലും വിവിധ സ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്ന ഈ ഗുണഭോക്താവിനെ കണ്ടെത്തുകയെന്നത് എളുപ്പമായിരുന്നില്ല. വി.ഇ.ഒ അനീഷ് കുമാറിന്റെ പരിശ്രമഫലമായി പത്തനംതിട്ട ബസ്റ്റാന്റിൽ രാമചന്ദ്രനെ കണ്ടെത്തുവാൻ കഴിയുകയും പദ്ധതി വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും, ഉദ്യോഗസ്ഥരുടെയും പൂർണ്ണ പങ്കാളിത്തത്തോടുകൂടി നിർമ്മാണ പരിപാടികള്‍ ആരംഭിക്കുകയായിരുന്നു. ജനപങ്കാളിത്തത്തോടുകൂടിയും ഉദ്ദ്യോഗസ്ഥരുടെ പ്രയത്നം കൊണ്ടും 45 ദിവസംകൊണ്ട് വീട് പണി പൂർത്തിയാക്കി. അടച്ചുറപ്പുള്ള വീട് എന്നത് രാമചന്ദ്രന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ലൈഫ് മിഷൻ പദ്ധതി, പ്രധാനപ്പെട്ട പദ്ധതികളുടെ അനുകരണമാതൃകയായി മാറുകയായിരുന്നു ഇവിടെ.
- 172 views