മനസ്സോടിത്തിരി മണ്ണ് : മികച്ച പ്രതികരണം

Posted on Thursday, May 26, 2022

 

ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ നടപ്പിലാക്കുന്ന  "മനസ്സോടിത്തിരി മണ്ണ്" ക്യാമ്പയിനോട്‌ സംസ്ഥാനത്ത് മികച്ച പ്രതികരണം.

കോട്ടയം ജില്ലയിൽ  ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽതന്നെ 82.084  സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചു. വെള്ളൂർ തോന്നല്ലൂരിൽ ഡോ. ബി. ആർ രാജലക്ഷ്മി സഹോദരൻ ആർ ബി ബാബു എന്നിവർ മാതാപിതാക്കളുടെ സ്മരണാർത്ഥം 65.084 സെന്റ് ഭൂമി ലൈഫ് പട്ടികയിലെ  ഭൂരഹിതരായ ഗുണഭോക്താക്കൾക്ക്  വീട് നിർമ്മിക്കാനായി കൈമാറി. വഴിയും കുടിവെള്ളവും  വൈദ്യുതിയും അടക്കമുള്ള  സൗകര്യങ്ങളുള്ള ഭൂമി  13 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം  സാക്ഷാത്കരിക്കാൻ സഹായിക്കും.

 കളക്ടർ ഡോ. പി. കെ ജയശ്രീയുടെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിലൂടെ 3.5 സെന്റ് വീതം 13 കുടുംബങ്ങൾക്ക് നൽകി. ഡോ. രാജലക്ഷ്മിയുടെ അഭ്യർത്ഥന മാനിച്ച് പ്രദേശത്തിന് "സാരസ്വതം" നഗർ എന്നു പേരിടാൻ പഞ്ചായത്ത്‌ തീരുമാനിച്ചിട്ടുണ്ട്.

വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗമായ വൈപ്പേൽപ്പടി കുര്യാക്കോസ് തോട്ടത്തിൽ  17 സെന്റ് സ്ഥലം ലൈഫ് ഭൂരഹിതരുടെ പുനരധിവാസത്തിനായി   കൈമാറുകയും ചെയ്തു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ  ബഹു: സഹകരണ മന്ത്രി വി എൻ വാസവന് കുര്യാക്കോസ് സമ്മതപത്രം കൈമാറി. ഭൂമി നൽകിയ  ബി ആർ ബാബു, കുര്യാക്കോസ് എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

"മനസ്സോടിത്തിരി മണ്ണ്" ന്റെ ഭാഗമായി ഭൂമി നൽകാൻ ആഗ്രഹിക്കുന്നവർക്ക്  ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർമാരെയോ, ലൈഫ് മിഷൻ സംസ്ഥാന ഓഫീസുമായുമായോ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന ഓഫീസുമായി ബന്ധപ്പെടേണ്ട  നമ്പർ : 9447495195

kottayam