താനൂരില്‍ ഭവന നിര്‍മാണപദ്ധതി: ഉദ്ഘാടനം

Posted on Thursday, December 29, 2016

താനൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം താനൂര്‍ നഗരസഭയില്‍ വീടുനിര്‍മിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പദ്ധതിപ്രകാരം സാധ്യതാപട്ടികയില്‍ വീടില്ലാത്ത 2500 പേരാണുള്ളത്. ഗുണഭോക്താക്കളെ സംബന്ധിച്ച സര്‍വേയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെള്ളിക്കാട് അങ്കണവാടി പരിസരത്ത് നടക്കും

ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനംചെയ്യും. പരമാവധി 600 ചതുരശ്രയടി വീട് നിര്‍മിക്കുന്നതിന് മൂന്നുലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുക. കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷവും സംസ്ഥാനസര്‍ക്കാരും നഗരസഭയും ഗുണഭോക്താവും 50,000 രൂപവീതവും ഉള്‍പ്പെടെയാണ് മൂന്നുലക്ഷം രൂപ. ആദ്യഘട്ടത്തില്‍ സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടും സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്നതിന് ധനസഹായവും അനുവദിക്കും. കുടുബശ്രീയാണ് സര്‍വേ നടത്തുന്നത്. കൗണ്‍സിലര്‍ അധ്യക്ഷനായുള്ള അഞ്ചംഗസമിതി വാര്‍ഡിലെ ഭവനനിര്‍മാണത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്‍കും

ഉറവിടം : മാതൃഭൂമി ഓണ്‍ലൈന്‍ 28 ഡിസംബര്‍ 2016
URL http://www.mathrubhumi.com/malappuram/malayalam-news/thanoor-1.1612520